കാലാവസ്ഥാ വ്യതിയാനത്തിന് ഏറെ പഴികേള്‍ക്കുന്ന മേഖലകളിലൊന്നാണ് ഫാഷന്‍ ഇന്‍ഡസ്ട്രി. യു.കെ.യില്‍ കഴിഞ്ഞ ദിവസം നടന്ന എര്‍ത്ത്‌ഷോട്ട് പ്രൈസ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത സെലിബ്രിറ്റികളിലേറെപ്പേരും സംസാരിച്ചത് സുസ്ഥിരതയെക്കുറിച്ചും വസ്ത്രങ്ങള്‍ പുനഃരുപയോഗിക്കുന്നതിനെക്കുറിച്ചുമായിരുന്നു. 

അവാർഡ് പരിപാടിക്കിടെ ബോളിവുഡ് നടി എമ്മ വാട്‌സൻ പങ്കുവെച്ച പരിസ്ഥിതി സൗഹൃദ വാക്കുകളും സന്ദേശവും ഫാഷൻലോകത്ത് ചർച്ചയായി കഴിഞ്ഞു. അപൂര്‍വമായാണ് ബോളിവുഡ് നടി എമ്മ വാട്‌സൻ റെഡ് കാര്‍പ്പറ്റില്‍ പ്രത്യക്ഷപ്പെടാറ്. ബ്രിട്ടീഷ് അമേരിക്കന്‍ ഫാഷന്‍ ഡിസൈനറായ ഹാരിസ് റീഡ് ഡിസൈന്‍ ചെയ്ത പുനഃരുപയോഗിച്ച വിവാഹവസ്ത്രമണിഞ്ഞാണ് 31-കാരിയായ എമ്മ റാംപിൽ ചുവടുവെച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Emma Watson (@emmawatson)

ഹാരിസ് റീഡിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും നന്ദിയും സ്‌നേഹവുമറിയിച്ച് എമ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 'ഹാരിസ് റീഡിന് പ്രത്യേക സ്‌നേഹവും അഭിനന്ദനവും അറിയിക്കുന്നു. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങളുടെ ലിംഗസമത്വം, സ്വീകാര്യത എന്നിവ മനോഹരവും ആകര്‍ഷകവും മഹത്വപൂര്‍ണവുമാണ്. പരിസ്ഥിതിയ്ക്ക് അധികം ഹാനികരമല്ലാതെ ഫാഷനെ മാറ്റാനുള്ള നിങ്ങളുടെ ലക്ഷ്യം പ്രചോദിപ്പിക്കുന്നതാണ്'-എമ്മ കുറിച്ചു. 

ലേസ് പിടിപ്പിച്ച ബാക്ക്‌ലെസ് ഗൗണ്‍ അണിഞ്ഞാണ് എമ്മ റെഡ് കാര്‍പ്പെറ്റിലെത്തിയത്. പരിസ്ഥിതിയ്ക്ക് അധികം ദോഷമുണ്ടാക്കാതെയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തതും പുനഃരുപയോഗിച്ചതെന്നും എമ്മയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വ്യക്തമാക്കുന്നു. 

വില്യം രാജകുമാരനും ബ്രിട്ടീഷ് നാച്ച്വറലിസ്റ്റ് സര്‍ ഡേവിഡ് ആറ്റെന്‍ബെറോയും ചേര്‍ന്ന് സംഘടിപ്പിച്ചതാണ് ഏര്‍ത്ത്‌ഷോട്ട് പ്രൈസ് അവാര്‍ഡ്. 

ഓക്‌സ്ഫാം എന്ന സന്നദ്ധ സംഘടന നല്‍കിയ വിവാഹഗൗണാണ് എമ്മ അണിഞ്ഞതെന്ന് ഹാരിസ് റീഡ് വ്യക്തമാക്കി. ഈ ഗൗണിനൊപ്പം ഹാരിസ് റീഡ് ഡിസൈന്‍ ചെയ്ത കറുത്ത പാന്റുമാണ് എമ്മ ധരിച്ചത്. ഇതിനൊപ്പം ആക്സസറീസായി കമ്മലും മോതിരങ്ങളും ബ്രേസ്‌ലെറ്റും എമ്മ അണിഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Harris Reed (@harris_reed)

'ഒരിക്കലും സാധ്യമല്ലെന്നു തോന്നുന്ന കാര്യങ്ങള്‍ നടപ്പാക്കുന്ന അല്ലെങ്കില്‍ വിശ്വസിപ്പിക്കുന്ന തരം സിനിമകളിലാണ് ഞാന്‍ ഭൂരിഭാഗവും അഭിനയിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനുവേണ്ടി സമാനമായ രീതിയില്‍ നമുക്കു പ്രവര്‍ത്തിക്കേണ്ടതുണ്ട്. നമ്മെക്കൊണ്ട് സാധിക്കില്ലെന്ന് പറഞ്ഞ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലുണ്ടായിരിക്കാം. എന്നാല്‍, മെച്ചപ്പെട്ട ഒരു ലോകത്തിനുവേണ്ടി ആളുകള്‍ വിശ്വസിക്കുകയും അത് നേടിയെടുക്കുകയും ചെയ്തു. ഇതും അതില്‍നിന്ന് വ്യത്യസ്തമല്ല. നമുക്കത് നേടാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'- എമ്മ റെഡ് കാര്‍പ്പറ്റിലെത്തിയശേഷം പറഞ്ഞു.

Content highlights: emma watson upcycled wedding dress earthshot prize awards sustainable fashion