മുലയൂട്ടുന്ന അമ്മ, ഹിജാബ് ധരിച്ച സ്ത്രീ എന്നിവരുടെ രൂപങ്ങളും ഇമോജികളുടെ പട്ടികയിലേക്ക്. അടുത്തവര്‍ഷത്തോടെയാണ് ഇവ സ്മാര്‍ട്ട് ഫോണുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക.

ഹിജാബ് ധരിച്ച സ്ത്രീയുടെ രൂപം ഇമോജിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയത് റയൂഫ് അല്‍ഹുമേദിനി എന്ന പതിനഞ്ചുകാരിയാണ്.

സൗദി സ്വദേശിനിയായ റയൂഫ് ജര്‍മനിയിലാണ് താമസിക്കുന്നത്. "സുഹൃത്തുക്കളുമായി സോഷ്യല്‍ മീഡിയയില്‍ ചാറ്റ് ചെയ്യുന്നതിനിടയിലാണ് ഞാന്‍ ഇക്കാര്യം ശ്രദ്ധിച്ചത്. എന്നെ (ശിരോവസ്ത്രം ധരിച്ച സ്ത്രീയെ) രേഖപ്പെടുത്താന്‍ പറ്റിയ ഒരു രൂപവും നിലവില്‍ ലഭ്യമല്ലെന്ന്"-റായൂഫ് പറയുന്നു.

ഇതിനെ തുടര്‍ന്നാണ് ഇമോജിയില്‍ ശിരോവസ്ത്രം ധരിച്ച സ്ത്രീയുടെ രൂപം കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് യൂണികോഡിന് റയൂഫ് കത്തെഴുതുന്നത്. "എന്റെ അഭ്യര്‍ഥന അംഗീകരിക്കപ്പെട്ടു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

ശിരോവസ്ത്രം ധരിക്കുന്ന നിരവധി മുസ്ലിം സ്ത്രീകളാണ് ലോകത്തുള്ളത്. നിങ്ങളെ രേഖപ്പെടുത്താനായി ഒരു ഇമോജി ഉണ്ടെന്നറിയുന്നത് വളരെ നല്ല അനുഭവമായിരിക്കും"- റയൂഫ കൂട്ടിച്ചേര്‍ക്കുന്നു.

യോഗ ചെയ്യുന്ന ആളുടെ രൂപവും ഇമോജിയായി അടുത്തവര്‍ഷം പ്രത്യക്ഷപ്പെടും. ഇതോടെ ലഭ്യമായിട്ടുള്ള ഇമോജികളുടെ എണ്ണം 1724 ആകും. ജോലിക്കാരായ സ്ത്രീകളെ സൂചിപ്പിക്കുന്ന ഇമോജികള്‍ ഗൂഗിള്‍ നേരത്തെ പുറത്തിറക്കിയിരുന്നു.

 ഫോട്ടോ: യു ട്യൂബ്