വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ച ആയിട്ടേയുള്ളു. പക്ഷേ,സമര്‍ എന്ന 28കാരി തനിക്ക് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കാരണം ഒന്നേയുള്ളു, വീട്ടുജോലികള്‍ ചെയ്യാന്‍ ഭര്‍ത്താവ് അവളെ അനുവദിക്കുന്നില്ല!!

'അദ്ദേഹം തന്നെ ഭക്ഷണം പാകം ചെയ്യും, വീട് വൃത്തിയാക്കും, വസ്ത്രങ്ങള്‍ അലക്കും. എന്നെ ഇതൊന്നും ചെയ്യാന്‍ അനുവദിക്കുന്നില്ല. ഹോട്ടല്‍ മുറിയിലെ അതിഥിയെപ്പോലെ ജീവിച്ചെനിക്ക് മടുത്തു. ഇങ്ങനെയായാല്‍ ബോറടിച്ച് ഞാന്‍ മരിച്ചുപോകും.' സമറിന്റെ പരാതിയില്‍ പറയുന്നു.

ഈജിപ്തിലാണ് സംഭവം. ന്യൂ കെയ്‌റോയിലെ കുടുംബക്കോടതിയിലാണ് സമര്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. 31കാരനായ ഭര്‍ത്താവിന് ടെക്‌സ്റ്റൈല്‍ ബിസിനസ്സാണ്. കടയിലെ ജോലികള്‍ തീര്‍ത്തശേഷമാണ് അദ്ദേഹം വീട്ടുജോലികളും ഭംഗിയായി നിര്‍വ്വഹിക്കുന്നത്. തിരക്കുകള്‍ മൂലം അടുക്കളയില്‍ കയറാനാവാത്ത ദിവസങ്ങളിലേക്ക് തലേന്ന് തന്നെ ഭക്ഷണം പാകം ചെയ്ത് വയ്ക്കും. ഫ്രിഡ്ജില്‍ നിന്ന് ഇതെടുത്ത് കഴിക്കുക മാത്രമാണ് സമറിന് ജോലി!

ഭര്‍ത്താവ് തന്നെ വീട്ടുകാരിയുടെ റോള്‍ ഏറ്റെടുത്തുകഴിഞ്ഞാല്‍ തനിക്കെന്താണ് ചെയ്യാനാവുക എന്നാണ് സമറിന്റെ ചോദ്യം. സന്തോഷവാനായി വീട്ടുജോലികള്‍ ചെയ്യുന്ന ഭര്‍ത്താവിനെ നോക്കിയിരുന്ന് സമയം കളഞ്ഞ് മതിയായെന്നാണ് സമറിന്റെ വാദം. വിവാഹമോചനമല്ലാതെ മറ്റൊരു പോംവഴി ഇതിനില്ലെന്നും സമര്‍ പറയുന്നു. 

courtesy: albawaba

Content Highlights: Egypt,Divorce, HouseholdChores, Wife seeks divorce