ത്തവണ മിലാന്‍ ഫാഷന്‍വീക്കില്‍ എത്തിയവരെല്ലാം ഒരുപോലെ ചോദിച്ച ഒരു ചോദ്യമുണ്ട്, ഫാഷന്റെ ഭാവി ഇനി ഇങ്ങനെയായിരിക്കുമോ എന്ന്? ചോദ്യത്തിന് കാരണവുമുണ്ട്. ഇത്തവണ ഡോല്‍ചെ ആന്‍ഡ് ഗബാന ബ്രാന്‍ഡ് തങ്ങളുടെ ഏറ്റവും പുതിയ മോഡലിലുള്ള ഹാന്‍ഡ് ബാഗുകളെ റാമ്പില്‍ അവതരിപ്പിച്ചത് ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു. 

റാമ്പില് തെളിഞ്ഞ ലൈറ്റിന് പിറകെ സംഗീതത്തിന്റെ അകമ്പടിയോടെയാണ് ഡ്രോണുകള്‍ റാമ്പില്‍ മൂളിപ്പാഞ്ഞെത്തിയത്. സദസ്സ് അല്പം അമ്പരപ്പോടെയും കൗതുകത്തോടെയും ആണ് ഡ്രോണുകളുടെ ചലനത്തെ നിരീക്ഷിച്ചത്. വിവിധ നിറത്തിലുള്ള ഹാന്‍ഡ് ബാഗുകളുമായി നിരവധി ഡ്രോണുകള്‍ റാമ്പിലെത്തിയിരുന്നു. 

ഷോ തുടങ്ങുന്നതിന് മുമ്പായി ഫോണിലെ വൈ ഫൈ, ഹോട്ട് സ്‌പോട്ട് എന്നിവയെല്ലാം ഓഫ് ചെയ്യാന്‍ കര്‍ശന നിര്‍ദേശമുണ്ടായിരുന്നുവത്രേ. ഡ്രോണിന്റെ സിഗ്നലുകള്‍ തെറ്റാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്. 'ഫാഷന്‍ ഡിവോഷന്‍' എന്ന തീമിലാണ് ഷോ അരങ്ങേറിയത്. 

എന്തായാലും പുതിയ മുന്നേറ്റത്തെ ഫാഷന്റെ മുഖം തന്നെ മാറ്റിമറയ്ക്കുന്ന ഒന്നായാണ് പലരും വിശേഷിപ്പിച്ചത്. ടെക്‌നോളജിയുടെ വളര്‍ച്ചയില്‍ ആരും സുരക്ഷിതരല്ലെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.

എന്നാല്‍ ഹാന്‍ഡ്ബാഗുകളുമായി ഡ്രോണ്‍ എത്തിയതിന് പിറകെ, മോഡലുകളും റാമ്പ് വാക്കുമായി എത്തി.