കൊച്ചി: ''ഭൂമിയിലേക്ക് അടര്‍ന്നുവീണ സ്വര്‍ഗത്തിന്റെ ഒരു കഷ്ണം...'' ലക്ഷദ്വീപ് എന്ന തന്റെ നാടിനെപ്പറ്റി പറയുമ്പോള്‍ ഡോ. റഹ്മത് ബീഗത്തിന്റെ കണ്ണുകളില്‍ തിളക്കത്തിനൊപ്പം നനവിന്റെ ആഴങ്ങളുമുണ്ട്. വിദ്യാഭ്യാസം നേടാന്‍ പായ്ക്കപ്പലുകളായ ഓടങ്ങളില്‍ സഞ്ചരിച്ച് ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലെത്തുകയും വിദ്യ നേടി ദ്വീപുകളിലേക്ക് മടങ്ങിച്ചെന്ന് അവിടെ ഒരു പുതുയുഗപ്പിറവിക്ക് കാരണമാകുകയും ചെയ്ത ഒരാള്‍. ലക്ഷദ്വീപിലെ ആദ്യത്തെ വനിതാ ബിരുദധാരിയും വനിതാ ഡോക്ടറും പത്മശ്രീ പുരസ്‌കാര ജേതാവും. ലക്ഷദ്വീപുകാര്‍ക്ക് 'മാലാഖ'യെപ്പോലെയുള്ള ഒരാള്‍. അഭിമാനാര്‍ഹമായ മേല്‍വിലാസങ്ങള്‍ ഏറെയുള്ള ഡോ. എസ്. റഹ്മത് ബീഗം ഇപ്പോള്‍ കേരളത്തിന്റെ മണ്ണിലുണ്ട്. കൊച്ചിയോട് ഒരുപാട് ആത്മബന്ധമുള്ള റഹ്മത് ബീഗത്തെ കടല്‍ദൂരത്തിനപ്പുറമുള്ള നാട്ടില്‍ നിന്നുള്ള അശാന്തി വാര്‍ത്തകള്‍ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.

സ്വര്‍ഗം പോലൊരു നാട്

ലക്ഷദ്വീപിലെ പ്രശ്‌നങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ റഹ്മത് ബീഗം പറയുന്നു: ''ഈ പറയുന്നതൊന്നുമല്ല എന്റെ നാട്. സമാധാനത്തിന്റേയും നന്മയുടേയും ഭൂമികയാണത്. തെങ്ങും മീനും തരുന്ന ചെറിയ വരുമാനത്തില്‍ കഴിഞ്ഞിരുന്ന ജനത. അവിടെ കള്ളമോ പിടിച്ചുപറിയോ മോഷണമോ മറ്റു കുറ്റകൃത്യങ്ങളോ ഒന്നും നടന്നിരുന്നില്ല. ഞങ്ങളുടെ നാട്ടില്‍ പലരും വീടിന്റെ വാതില്‍ അടയ്ക്കാതെ പോലും കിടന്നുറങ്ങുന്നവരാണ്. അത്രമേല്‍ പരസ്പര വിശ്വാസവും സ്‌നേഹവുമുള്ളവരായിരുന്നു എല്ലാവരും'' -റഹ്മത് ബീഗം പറഞ്ഞു.

കേരളം തൊട്ട നേരത്ത്

ആറാം ക്ലാസുവരെ ലക്ഷദ്വീപില്‍ പഠിച്ച റഹ്മത് ബീഗം വിദ്യാഭ്യാസം തുടരണമെന്ന മോഹത്തോടെയാണ് കേരളത്തിന്റെ തീരമണഞ്ഞത്. '1950-കളുടെ അവസാനത്തില്‍ കേരളത്തിലേക്കു വരുമ്പോള്‍ എനിക്ക് പ്രതീക്ഷയുടെ ചിറകുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്റെ ഇക്കാക്ക ഷംസുദ്ദീന്‍ കേരളത്തില്‍ വന്നു പഠിച്ച ഒരാളായിരുന്നു. ഇക്കാക്കയാണ് എന്നോട് ഇവിടത്തെ സാധ്യതകളെപ്പറ്റി പറഞ്ഞത്. അക്കാലത്ത് ലക്ഷദ്വീപിലെ പെണ്‍കുട്ടികള്‍ കേരളത്തില്‍ വന്നു പഠിക്കുന്നതിനെപ്പറ്റിയൊന്നും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. കോഴിക്കോട് പ്രോവിഡന്‍സ് സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. പിന്നീട് വാറങ്കലിലെ ഉസ്മാനിയ സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. പാസായി ദ്വീപില്‍ തിരിച്ചെത്തി മെഡിക്കല്‍ ഓഫീസറായി. ആദ്യം കരാര്‍ നിയമനമായിരുന്നു. പിന്നീട് യു.പി.എസ്.സി. വഴി ഞാന്‍ സ്ഥിരം ജോലിക്കാരിയായി. അന്നത്തെ അഡ്മിനിസ്ട്രേറ്ററായ മൂര്‍ക്കോത്ത് രാമുണ്ണിയാണ് സ്ഥിരനിയമനം നേടേണ്ടതിന്റെ പ്രാധാന്യം പറഞ്ഞുതന്നത്. എം.ബി.ബി.എസ്. പോലുള്ള കോഴ്സുകളില്‍ പെണ്‍കുട്ടികളെ ചേര്‍ക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അവരെ പറഞ്ഞു മനസ്സിലാക്കുന്നതിനും അഡ്മിനിസ്ട്രേറ്റര്‍മാരൊക്കെ വലിയ പങ്കാണ് വഹിച്ചിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് പി.ജി. നേടാനും പ്രോത്സാഹനം നല്‍കിയത് അന്നത്തെ അഡ്മിനിസ്ട്രേറ്ററാണ്'' - റഹ്മത് ബീഗം പറഞ്ഞു.

ചികില്‍സയുടെ തീരം തേടി

ലക്ഷദ്വീപില്‍നിന്ന് രോഗികളെ ചികിത്സയ്ക്കായി കേരളത്തിലേക്കെത്തിക്കുന്നതില്‍ എയര്‍ ആംബുലന്‍സുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ പുതിയ വിവാദങ്ങള്‍ക്കിടയിലും റഹ്മത് ബീഗത്തിന് പഴയ പല കാര്യങ്ങളും ഓര്‍ക്കാനുണ്ട്.

''ലക്ഷദ്വീപില്‍ സേവനം തുടങ്ങുന്ന കാലത്ത് രോഗികളെ കൊച്ചിയിലേക്കെത്തിക്കുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. മാസത്തില്‍ ഒരു തവണയൊക്കെയാണ് കപ്പല്‍ ദ്വീപിലെത്തുന്നത്. ഹെര്‍ണിയ വന്ന രോഗികളെ അന്ന് അങ്ങനെ വിട്ടാല്‍ മരണം ഉറപ്പായിരുന്നു. ഗുരുതരാവസ്ഥയിലെത്തിയ രോഗികള്‍ 'മോളേ, എന്നെ രക്ഷിക്കണം' എന്നു പറഞ്ഞ് കൈപിടിച്ചു കരഞ്ഞ എത്രയോ സംഭവങ്ങള്‍ ഓര്‍മയിലുണ്ട്. അവര്‍ക്ക് അനസ്തേഷ്യ നല്‍കി ഓപ്പറേഷന്‍ ചെയ്തതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ അദ്ഭുതം തോന്നും. അവിടെ മരണനിരക്കു പിടിച്ചുനിര്‍ത്താന്‍ ഞങ്ങളൊക്കെ എന്തുമാത്രം പാടുപെട്ടിരിക്കുന്നു'' - റഹ്മത് ബീഗം പറഞ്ഞു.

മറക്കാനാകാത്ത കൊച്ചി

കൊച്ചിയെപ്പറ്റി ഒരുപാട് ഓര്‍മകള്‍ അവര്‍ പങ്കുവെച്ചു. ''കപ്പല്‍ കൊച്ചിയുടെ തീരമണയുമ്പോള്‍ വലിയ സന്തോഷമായിരുന്നു. പണ്ടൊക്കെ കൊച്ചിയിലെത്തുമ്പോള്‍ റെയില്‍വേ സ്റ്റേഷന്റെ അടുത്തുള്ള ഹോട്ടലിലാണ് താമസിച്ചിരുന്നത്. കൊച്ചിയിലെ ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിന്‍തുമ്പിലുണ്ട്. ലക്ഷദ്വീപില്‍ ജോലി ചെയ്തിരുന്ന ചില കൊച്ചിക്കാരായ സുഹൃത്തുക്കളുമുണ്ടായിരുന്നു'' -റഹ്മത് ബീഗം പറഞ്ഞു.

Content Highlights: dr. rahmath beegum first woman doctor from lakshadweep