ല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രി, ഒരു മലയാളി പെണ്‍കുട്ടി ദിവസവും എത്തി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണക്കെടുക്കും. ഒരു നേരമല്ല, മൂന്നു നേരവും. തലശ്ശേരിക്കാരിയായ ആനന്ദലക്ഷ്മിയായിരുന്നു 1985-ലെ ആ നിത്യ സന്ദര്‍ശക. അക്കാലത്ത് അവിടെ പ്രസവത്തിനെത്തുന്ന ആയിരം അമ്മമാരില്‍ എട്ടുപേരും പ്രസവ വേളയില്‍ മരിക്കുമായിരുന്നു. സമൂഹത്തിലെ താഴെ തട്ടിലുള്ളവരായിരുന്നു ഏറെയും.

പ്രസവ മുറിയിലേക്ക് പോകുന്ന അമ്മമാരെ വെള്ളത്തുണിയില്‍ പുതപ്പിച്ച് തിരിച്ചു കൊണ്ടുവരുമ്പോള്‍, പൊക്കിള്‍ക്കൊടി ബന്ധമറ്റ് നിമിഷങ്ങള്‍ മാത്രമായ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാം. ചിലപ്പോള്‍ കുഞ്ഞുങ്ങളുടെ ശ്വാസവും നിലച്ചിട്ടുണ്ടാകും. ഈ കാഴ്ചകളില്‍ നീറിയാണ് ആനന്ദലക്ഷ്മി അവിടെയെത്തുന്ന അമ്മമാരെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയത്. ആ പഠനം ഇന്ത്യയുടെ 'അമ്മതലവര' മാറ്റി, ഒരുപാട് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും 'ജീവന്റെ രേഖ'യായി അത് മാറി.

കൊച്ചി മുളന്തുരുത്തിക്കടുത്ത് പ്രായമായവര്‍ക്ക് താമസിക്കാനൊരുക്കിയ കേന്ദ്രത്തിലിരുന്ന് ആ എഴുപത്തിയെട്ടുകാരി സഫ്ദര്‍ജങ് ഓര്‍മകളിലേക്കൊരു 'പൊക്കിള്‍ക്കൊടി ബന്ധം' ചേര്‍ത്തുവെച്ചു.

തലശ്ശേരി പുത്തന്‍പുരയില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും താഴത്തിടത്തില്‍ നാരായണന്‍ നായരുടെയും മകളായ പി.എന്‍. ആനന്ദലക്ഷ്മി ബിരുദമെടുത്തത് ബ്രണ്ണന്‍ കോളേജില്‍ നിന്നാണ്. കേരള സര്‍വകലാശാലയില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സില്‍ എം.എസ്സി. അവിടെ നിന്നുതന്നെ ജനസംഖ്യാ ശാസ്ത്രത്തിലും എം.എസ്സി. പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രബന്ധത്തിന് ഡോ. കെ.സി.കെ.ഇ. രാജ സ്വര്‍ണ മെഡല്‍. രണ്ടു പ്രസവങ്ങള്‍ക്കിടയിലെ ഇടവേളയും കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടായിരുന്നു പഠനം. കുറഞ്ഞത് രണ്ട് വര്‍ഷത്തെയെങ്കിലും ഇടവേളയാണ് നല്ലതെന്നായിരുന്നു പഠനത്തിലെ കണ്ടെത്തല്‍.

1972-ല്‍ തുടര്‍ പഠനത്തിനായി ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ അനുജത്തി ചന്ദ്രലേഖയുമുണ്ടായിരുന്നു. പ്രത്യുത്പാദന ജീവശാസ്ത്രവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തനം. പിന്നെ എയിംസില്‍ അധ്യാപികയായി. ആ ജോലിക്കിടെയാണ് 1985-90 കാലത്ത് പി.എച്ച്ഡി.ക്ക് ആധാരമായ 'സഫ്ദര്‍ജങ്' ഗവേഷണം. 1983 മുതല്‍ 1985 വരെയുള്ള കണക്കുകള്‍ ശേഖരിച്ചു.

ആനന്ദലക്ഷ്മി പഠനത്തിനായി തയ്യാറാക്കിയ അമ്മമാര്‍ക്കുള്ള ചോദ്യാവലി പിന്നീട് ആരോഗ്യപ്രവര്‍ത്തകര്‍ വ്യാപകമായി ഉപയോഗിച്ചു. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗര്‍ഭിണികള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. ഇതിന്റെ ഫലമായി മാതൃമരണ നിരക്ക് ഗണ്യമായി കുറഞ്ഞു. വെല്ലൂരിലെ പ്രൊഫ. ബി.ജി. പ്രസാദ് പുരസ്‌കാരം, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സൊസൈറ്റിയുടെ ബഹുമതി തുടങ്ങിയവ ഡോ. ആനന്ദലക്ഷ്മിയെ തേടിയെത്തി.

ഇന്ത്യയിലെ ഒരുപാട് അമ്മമാര്‍ക്ക് ജീവന്റെ വഴിവിളക്കായ ആ അമ്മ ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്. കൂട്ടായി അനുജത്തി ചന്ദ്രലേഖയും അവരുടെ ഭര്‍ത്താവും ഐ.സി.എ.ആര്‍. ശാസ്ത്രജ്ഞനുമായിരുന്ന രാമചന്ദ്രന്‍ നായരും തൊട്ടുചേര്‍ന്ന വീട്ടിലുണ്ട്.

Content Highlights: Dr. P.N Ananda Lakshmi A Gynaecologist from kerala studied about maternal health