കൊച്ചി: ''ഇനി ഒന്നും ചെയ്യാനില്ല, ദൈവത്തോട് പ്രാര്‍ത്ഥിക്കൂ...'' പലവട്ടം ഡോക്ടര്‍മാരുടെ ഈ വാക്കുകള്‍ മാവേലിക്കര സ്വദേശിനി ഡോ. ഇന്ദു കെ. ഗോപി (36) യുടെ കാതുകളില്‍ പതിച്ചിട്ടുണ്ട്. എന്നാല്‍, തോല്‍ക്കാന്‍ ഇന്ദു തയ്യാറായില്ല. ഞെരിച്ചമര്‍ത്തിയ രോഗത്തോട് മല്ലിട്ടാണവര്‍ ദന്തഡോക്ടറായത്. ഇപ്പോഴും ഇന്ദു പോരാട്ടം തുടരുകയാണ്.

ശരീരത്തിന്റെ പ്രതിരോധ ശേഷി തന്നെ സ്വന്തം ശരീരത്തിന് വില്ലനായി മാറുന്ന സിസ്റ്റമാറ്റിക് ലൂപസ് എരിത്തമറ്റോസസ് (എസ്.എല്‍.ഇ.) എന്ന ലൂപസ് രോഗം തലച്ചോറിനെ ബാധിച്ചതോടെയാണ് ഇന്ദുവിന്റെ ജീവിതം തലകീഴായി മറിഞ്ഞത്.

ഇതിനോട് ചേര്‍ന്നുവന്ന മറ്റ് രോഗാവസ്ഥകളും ശരീരത്തെ തകര്‍ത്തു. മസിലിനെയും എല്ലിനെയും ബാധിക്കുന്ന ഫൈബ്രോ മയാള്‍ജിയ, നട്ടെല്ലിനെ ബാധിക്കുന്ന സ്‌കോളിയോസിസ്, കാഴ്ചയെ ബാധിക്കുന്ന സ്‌കോട്ടമ, തിരിച്ചറിയല്‍ ശേഷി നഷ്ടപ്പെടുന്ന കോഗ്‌നിറ്റീവ് പ്രശ്‌നങ്ങള്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നിങ്ങനെ അസുഖങ്ങളുടെ നിര നീളുന്നു.

15 വയസ്സ് മുതല്‍ രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. ഏഴ് വര്‍ഷം വേദന തിന്ന ശേഷമാണിത് ലൂപസ് ആണെന്ന് സ്ഥിരീകരിച്ചത്. ആദ്യം എറണാകുളം അമൃത ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ നടത്തി. കീമോയും സ്റ്റിറോയ്ഡുകളുമൊക്കെ ശരീരത്തെ കൂടുതല്‍ തളര്‍ത്തി. ഇതിനിടെ എന്‍ട്രന്‍സ് പാസായി ബി.ഡി.എസിന് പ്രവേശനം നേടി. തുടരെയുള്ള ആശുപത്രി വാസങ്ങള്‍ക്കിടെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷമെടുത്തു.

കീമോയുടെ അഞ്ചാം ഡോസ് എടുക്കുന്നതിനു തലേന്ന് തുടര്‍ച്ചയായി അപസ്മാരം ബാധിച്ചു. പിന്നീട് മരുന്നുകളുടെ പാര്‍ശ്വഫലമെന്നോണം ശരീരത്തിലെ 90 ശതമാനവും പൊള്ളിക്കരിഞ്ഞു. സുഹൃത്തുക്കള്‍ മാത്രമാണ് സഹായത്തിനുണ്ടായിരുന്നത്.

ബി.ഡി.എസ്. പൂര്‍ത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചെങ്കിലും രോഗികളില്‍നിന്ന് അണുബാധ ഉണ്ടാകാന്‍ തുടങ്ങിയതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇതിനിടെ കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് പൊതുജനാരോഗ്യത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

തുടര്‍ന്ന് ഐ.സി.എം.ആറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഒരു പഠന പദ്ധതിയില്‍ സയന്റിസ്റ്റായെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. രോഗപീഡകള്‍ കടുത്തതോടെ 2020-ല്‍ രാജിവെയ്‌ക്കേണ്ടി വന്നു.

ഇപ്പോള്‍ എറണാകുളം വാഴക്കാലയിലാണ് താമസം. ലൂപസ് ബാധിതരുടെ കൂട്ടായ്മയില്‍ ചേര്‍ന്ന് സമൂഹത്തിനും രോഗബാധിതര്‍ക്കും വേണ്ടിയുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ സജീവമാണ് ഇന്ദു. രോഗം തളര്‍ത്താന്‍ ശ്രമിക്കുമ്പോഴും തളരാതെ സ്വന്തമായി അധ്വാനിക്കുന്നതിനായി തന്റേതായൊരു പ്രസ്ഥാനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണിവര്‍.

ലൂപസ് രോഗം

ശരീരത്തിന്റെ പ്രതിരോധ ശേഷി സ്വന്തം ശരീര അവയവങ്ങളെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ലൂപസ് രോഗം. ചിലരില്‍ രോഗലക്ഷണങ്ങള്‍ ആദ്യം തന്നെ പ്രകടമാകുമ്പോള്‍ ചിലരില്‍ പതുക്കെയാണിത് പ്രകടമാകുന്നത്. സ്ത്രീകളിലാണിത് അധികവും കണ്ടുവരുന്നത്. 15-നും 40-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ബാധിക്കുന്ന ഗൗരവമേറിയ ദീര്‍ഘകാല വാതരോഗം എന്നാണ് ലൂപസ് രോഗത്തെ വിശേഷിപ്പിക്കുന്നത്.

ചികിത്സയ്ക്ക് സര്‍ക്കാര്‍ പിന്തുണ വേണം

ലൂപസ് രോഗബാധയെ ചെറുക്കാന്‍ 25 വര്‍ഷം മുമ്പ് കേരളത്തില്‍ സൗകര്യമില്ലായിരുന്നു. ഇന്ന് എ.എന്‍.എ. പ്രൊഫൈല്‍ പരിശോധന എല്ലാ ലാബുകളിലുമുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ രോഗബാധിതരെ കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. പക്ഷേ കാന്‍സറിനെക്കാള്‍ മാരകമായ ഈ രോഗത്തെ കുറിച്ച് ആര്‍ക്കും അവബോധമില്ല. ജീവിതകാലം മുതല്‍ പരിശോധനയും ചികിത്സയും വേണ്ടതിനാല്‍ത്തന്നെ, രോഗിക്കായുള്ള ചികിത്സാ സഹായങ്ങളും പദ്ധതികളും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണം.

- ഡോ. ബി. പദ്മകുമാര്‍,

ആലപ്പുഴ മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം മേധാവി

Content highlights: dr indu survivor of lupus diseases who won against life experiments