24 വര്‍ഷം മുമ്പ് രൂപം കൊണ്ട ഭ്രൂണം അതിനെ ഒമ്പത് മാസം ഉദരത്തിലേന്തി പ്രസവിക്കുക. അത്ഭുതം അല്ലേ? അമേരിക്കയിലെ കിഴക്കന്‍ ടെന്നിസിയിലെ ടീനാ ഗിബ്‌സണാണ് ഈ അപൂര്‍വ്വ ഭാഗ്യം സിദ്ധിച്ചത്. 

1991-ലാണ് ടീന ജനിച്ചത്. 2010-ല്‍ അവര്‍ വിവാഹിതരായി. സിസ്റ്റിക് ബ്രോസിസ് എന്ന അവസ്ഥയുളള ഭര്‍ത്താവ് ബെഞ്ചമിനില്‍ നിന്ന് ഗര്‍ഭം ധരിക്കാന്‍ ടീനയ്ക്ക് സാധിക്കില്ലായിരുന്നു. അതേത്തുടര്‍ന്നാണ് ടെന്നിസിയിലെ നോക്‌സ് വില്ലിലെ നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററില്‍ നിന്ന് ശീതീകരിച്ച ഭ്രൂണം സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ഈ വര്‍ഷം മാര്‍ച്ചില്‍ ടീനയുടെ ഗര്‍ഭാശയത്തില്‍ ഭ്രൂണം നിക്ഷേപിച്ചു. അതിനായി ഡൊണേഷന്‍ സെന്ററില്‍ എത്തിയപ്പോഴാണ് താന്‍ സ്വീകരിക്കാന്‍ പോകുന്ന ഭ്രൂണം 24 വര്‍ഷം മുമ്പാണ് രൂപം കൊണ്ടതെന്ന് ടീന അറിയുന്നത്. നവംബര്‍ 25നാണ് രണ്ടരക്കിലോഗ്രാം ഭാരമുള്ള ആരോഗ്യവതിയായ കുഞ്ഞിന് ടീന ജന്മം നല്‍കിയത്. എമ്മ ഗിബ്‌സണ്‍ എന്നാണ് കുഞ്ഞിന്റെ പേര്.

ഭ്രൂണം ശീതീകരിച്ച ദ്രവ നൈട്രജനില്‍ സൂക്ഷിച്ചുവെക്കാമെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാല വിന്‍ത്രോപ്പ് ആസ്പത്രിയിലെ ഡോ.കുട്‌ലുക്ക് ഒക്ടേ പറഞ്ഞു.