മുഖാവരണത്തെക്കുറിച്ചോര്‍ത്താല്‍ തൃശ്ശൂരിലെ പോലീസുകാര്‍ക്ക് ഒറ്റ മുഖമേ മനസ്സില്‍ വരൂ... അത് 'ഡോ. മാസ്‌ക്കി'ന്റേതാണ്.  'ഡോക്ടറേ... കുറച്ച് മാസ്‌ക് വേണോല്ലോ...' എന്ന് വിളിച്ചുപറഞ്ഞാല്‍, 'തയ്ച്ചുവെയ്ക്കാം പോന്നോളൂ' എന്ന് മറുപടി കിട്ടും.  ആമ്പല്ലൂരിലെ ദന്തഡോക്ടര്‍ ഷെജീന ഷിനില്‍, പോലീസുകാര്‍ക്കിപ്പോള്‍ 'ഡോ. മാസ്‌ക്' ആണ്. ലോക്ഡൗണില്‍ സ്വന്തം ക്ലിനിക് അടച്ച സമയം മുതല്‍ ഈ ഡോക്ടര്‍ സൗജന്യമായി നല്‍കിയത് ഏഴായിരത്തോളം മുഖാവരണങ്ങളാണ്.

ജോലിയില്ലാതിരുന്ന തയ്യല്‍തൊഴിലാളികളായ സ്ത്രീകള്‍ക്ക് മുഖാവരണം തുന്നാന്‍ നല്‍കി, അവര്‍ക്കും വരുമാനമുറപ്പാക്കി.  ഊട്ടോളി വീട്ടില്‍ ഷെജീന മുഖാവരണം തുന്നി തുടങ്ങിയത് കാസര്‍കോട്ടെയും കണ്ണൂരെയും പോലീസുകാരുടെ അവസ്ഥ കണ്ടാണ്. ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുമ്പായിരുന്നു അത്. 'അവര്‍ തൂവാല മാത്രം കെട്ടി റോഡില്‍ നില്‍ക്കുന്നത് പത്രത്തിലും ടി.വി.യിലുമെല്ലാം കണ്ടപ്പോള്‍ കഷ്ടം തോന്നി... അങ്ങനെയാണ് മുഖാവരണം തുന്നി തുടങ്ങിയത്'.

കണ്ണൂര്‍ എസ്.പി. ഓഫീസിലെ മരിയ ജോയ് എന്ന പോലീസ് ഓഫീസര്‍ക്ക് നൂറ് മുഖാവരണങ്ങള്‍ സുഹൃത്തിന്റെ കൈവശം കൊടുത്തുവിട്ടു. കണ്ണൂര്‍ പോലീസ് ഡോ. ഷെജീനയെ വിളിച്ച് നന്ദി അറിയിച്ചു.  ഇതറിഞ്ഞാണ് തൃശ്ശൂരില്‍ ട്രാഫിക് ബോധവത്കരണം നടത്തുന്ന എസ്.ഐ. ഒ.എ.ബാബു വിളിച്ച് ഷെജീനയോട് കുറച്ച് മാസ്‌ക് തരാമോ എന്നു ചോദിച്ചത്. എത്ര വേണം അഞ്ഞൂറ് മതിയോ...? മറുപടി കേട്ടതും പോലീസുകാര്‍ ഞെട്ടി. നൂറെണ്ണമൊക്കെ കിട്ടിയാലായി എന്ന ചിന്തയിലായിരുന്നു അവര്‍. മുഖാവരണത്തിനൊപ്പം ക്ലിനിക്കില്‍ ഉപയോഗിക്കാന്‍ വെച്ചിരുന്ന ഗ്ലൗസുകളുടെ പായ്ക്കറ്റുകളും നല്‍കി. പോലീസ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇത് പ്രചരിച്ചു, ആവശ്യക്കാര്‍ കൂടി. അവിടന്നങ്ങോട്ട് 'പോലീസ് മാസ്‌ക്' തയ്യാറാക്കല്‍ ഒരു ഹരമായെടുത്തു ഈ ഡോക്ടര്‍.

ദേശീയപാതയോരത്തെ ഡോക്ടറുടെ എസ്.ആര്‍. ദന്തല്‍ ക്ലിനിക് മുഖാവരണസൂക്ഷിപ്പുകേന്ദ്രമായി മാറി.  തനിക്ക് വസ്ത്രങ്ങള്‍ തയ്ച്ചുതരുന്ന സ്ത്രീയെയാണ് ആദ്യം തുന്നാന്‍ ഏല്‍പ്പിച്ചത്. സ്വന്തമായൊരു മാസ്‌ക് മാതൃകയും ഉണ്ടാക്കി നല്‍കി. മുഖാവരണത്തിന് ആവശ്യക്കാര്‍ കൂടിയതോടെ അവരുടെ തയ്യല്‍ക്കൂട്ടുകാരികളും കൂടെ കൂടി. ഇപ്പോള്‍ അഞ്ച് സ്ത്രീകള്‍ ഷെജീനയ്ക്കായി മുഖാവരണം തയ്ച്ചുനല്‍കുന്നു. 

തൃശ്ശൂര്‍ കമ്മിഷണര്‍ ഓഫീസ്, ചാലക്കുടി ഡിവൈ.എസ്.പി. ഓഫീസ്, കൊടുങ്ങല്ലൂര്‍, പുതുക്കാട്, ഒല്ലൂര്‍, കൊടകര, വരന്തരപ്പിള്ളി സ്റ്റേഷനുകള്‍, തൃശ്ശൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസ്, തൃശ്ശൂര്‍ റൂറല്‍ വനിതാ സെല്‍... ഷെജീന മുഖാവരണം നല്‍കിയ പോലീസ് പട്ടിക ഇങ്ങനെ നീളുന്നു.  എല്ലാത്തിനും പിന്തുണയുമായി ആരോഗ്യവകുപ്പിലെ മൊബൈല്‍ ട്രൈബല്‍ യൂണിറ്റില്‍ ഡോക്ടറായ ഭര്‍ത്താവ് ഷിനില്‍ ഊട്ടോളിയും വിദ്യാര്‍ഥിനിയായ മകള്‍ വിഷ്ണുപ്രിയയും ഒപ്പമുണ്ട്.

Content Highlights: doctor stitches mask for police