ഴിയുമെങ്കില്‍ ആരെയും ബുദ്ധിമുട്ടിക്കാതെയും പരാശ്രയം കൂടാതെയും കുടുംബം പുലര്‍ത്തണം. പോളിയോ പിടിപെട്ട് രണ്ടു കാലുകള്‍ക്കും സ്വാധീനമില്ലാതായ റീജയുടെ ഉറച്ചലക്ഷ്യമാണിത്. തന്റെ കഠിനാധ്വാനത്തിലൂടെ ഈലക്ഷ്യത്തില്‍ വളരെദൂരം മുന്നേറി. കുടുംബം പുലര്‍ത്താനും രോഗിയായ അമ്മയെ ചികിത്സിക്കാനുമൊക്കെ വരുമാനത്തിന് സ്വയം വഴിതുറന്ന് നാട്ടുകാരുടെയാകെ അഭിനന്ദനം പിടിച്ചുപറ്റുകയുംചെയ്തു.

കൈകള്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന തയ്യല്‍ യന്ത്രത്തില്‍ തയ്യലും ഡിസൈനിങ്ങും പഠിച്ചു. മണാശ്ശേരിയില്‍ തയ്യല്‍ക്കടയും ആരംഭിച്ച് സ്വയംതൊഴിലിലേക്കും കടന്നു. ഇതിനിടെ പ്ലാസ്റ്റിക് നിരോധനം വന്നു. പ്ലാസ്റ്റിക് കവറുകളുടെ തിരോധാനം തനിക്കനുകൂലമായ അവസരമാക്കാനും റീജയ്ക്ക് കഴിഞ്ഞു. ഇറച്ചിയും മീനുമൊക്കെ വാങ്ങാന്‍ ഉപയോഗിക്കാവുന്നതും സിബ് ഘടിപ്പിച്ചതുമായ പുതിയ മോഡല്‍ തുണി സഞ്ചി റീജ രൂപകല്പന നടത്തി. ഉള്‍വശത്ത് പ്രത്യേകപാളിയുള്ള കുടശീലകൊണ്ട് ഗുണമേന്മയുള്ള സഞ്ചി വന്‍തോതില്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ തയ്യാറെടുപ്പ് നടത്തിവരുമ്പോഴാണ് കോവിഡ് വിപണിമുടക്കിയത്.

റീജ രൂപകല്പനചെയ്ത തുണിസഞ്ചിയുടെ മേന്മയും വിപണനസാധ്യതയും മനസ്സിലാക്കിയ മുക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ വി. കുഞ്ഞനും സെക്രട്ടറി എന്‍.കെ. ഹരീഷും പിന്തുണയും സഹായസഹകരണങ്ങളുമായി മുന്നോട്ടുവന്നു. മാര്‍ച്ച് 13, 14 തീയതികളില്‍ സംസ്ഥാന നഗരദിനാഘോഷം നടത്താന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ഈ സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണമന്ത്രിയെക്കൊണ്ട് പുതിയ ഉത്പന്നം പുറത്തിറക്കാനായിരുന്നു റീജ ഒരുക്കങ്ങള്‍ നടത്തിയത്. ഇതിലൂടെ എല്ലാ നഗരസഭകളിലും തുണിസഞ്ചിക്ക് വിപണി നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. വലിയ വിപണി പ്രതീക്ഷിച്ച് പതിനായിരത്തിലേറെ രൂപയുടെ തുണിവാങ്ങി സഞ്ചിനിര്‍മാണവും തുടങ്ങി. പരസ്യത്തിനായി ബ്രോഷറും മറ്റും തയ്യാറാക്കി.

കോവിഡ് എല്ലാം തകിടംമറിച്ചു

തുണിസഞ്ചിനിര്‍മാണത്തിലൂടെ ജീവിതമാര്‍ഗം തെളിയുമെന്ന റീജയുടെ സ്വപ്നങ്ങളെ നാടാകെ വ്യാപിച്ച കോവിഡ് തകര്‍ത്തു. നഗരദിനാഘോഷം പ്രതീക്ഷിച്ചതുപോലെ നടന്നില്ല. കോവിഡ് വ്യാപനഭീതിയും നിയന്ത്രണങ്ങളും കാരണം തുണിസഞ്ചിയുടെ ആവശ്യക്കാര്‍ വളരെ കുറഞ്ഞു. വന്‍തുക മുടക്കിവാങ്ങിയ തുണിയും കെട്ടിക്കിടക്കുന്നു. മറ്റ് തയ്യല്‍ജോലികളും ഇല്ലാതായി. ഇതോടെ തയ്യല്‍ക്കടയും അടച്ചു. കയ്യേരിക്കലിലെ തെക്കേപ്പൊയില്‍ വീട്ടിലിരുന്ന് വല്ലപ്പോഴും കിട്ടുന്ന ഓര്‍ഡറുകളനുസരിച്ച് തയ്യല്‍ നടത്തുന്നതിലൂടെയുള്ള ചെറിയ വരുമാനംമാത്രമാണ് ഇപ്പോഴുള്ളത്.

മുനിസിപ്പാലിറ്റിയുടെ സഹായം അനുഗ്രഹമായി

മുക്കം മുനിസിപ്പാലിറ്റി ഒരു മുച്ചക്രവണ്ടി തന്നത് ജീവിതത്തില്‍ വലിയ അനുഗ്രഹമായെന്ന് റീജ പറഞ്ഞു. വണ്ടി ലഭിച്ചതോടെയാണ് പുറത്തേക്ക് യാത്രചെയ്യാന്‍ എളുപ്പമായത്. സ്വന്തമായി തയ്യല്‍ക്കട ആരംഭിക്കാനും നിത്യവും അവിടെ പോയിവരാനും മുച്ചക്രവണ്ടി തുണയായി.

പ്രോത്സാഹനം കൊടുക്കണം

കോവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ പ്രതിസന്ധിയിലായ റീജയ്ക്ക് പ്രോത്സാഹനം അത്യാവശ്യമാണെന്ന് മുനിസിപ്പല്‍ സെക്രട്ടറി എന്‍.കെ. ഹരീഷ്. 'തുണി, സിബ്, തയ്യല്‍ക്കൂലി എന്നിവയെല്ലാം കൂടി ഒരു സഞ്ചിക്ക് 50 രൂപ ചെലവുവരും. എന്നാല്‍, ഒരു സഞ്ചിക്ക് 20 രൂപ വിലയ്ക്ക് വിപണിയിലെത്തിച്ചാല്‍ നല്ല വില്‍പ്പനസാധ്യതയുണ്ട്. ഈ സംരംഭം വിജയിപ്പിക്കാന്‍ സഞ്ചിയുടെ വിലയെക്കാള്‍ അധികംവരുന്ന തുക സ്‌പോണ്‍സര്‍ ചെയ്യാന്‍ സുമനസ്സുകള്‍ മുന്നോട്ടുവരണം. ഇപ്പോള്‍ മുന്നൂറോളം സഞ്ചികള്‍ സ്റ്റോക്കുണ്ട്. ആവശ്യക്കാര്‍ അറിയിച്ചാല്‍ എത്തിച്ചുനല്‍കാന്റീജയുടെ സുഹൃത്തുക്കളുണ്ട്. ഫോണ്‍: 9048636563, 6238759718.'

Content Highlights: disabled women's who achieved success in life during corona pandemic