വേളം: തിരതല്ലും ആഹ്ലാദവുമായി കുറ്റ്യാടി തണല്‍-കരുണ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി അശ്വിനി കാപ്പുമ്മല്‍ മിസ് കേരള മത്സര വേദിയിലേക്ക്. ഡിജിറ്റല്‍ ഓഡിഷനില്‍ യോഗ്യത നേടിയ അശ്വിനി നവംബര്‍ 21-ന് കൊച്ചിയില്‍ നടക്കുന്ന ഫിസിക്കല്‍ ഓഡിഷന്‍ റൗണ്ടില്‍ മാറ്റുരയ്ക്കും. 'ബ്യൂട്ടി ഇന്‍ ഡൈവേഴ്‌സിറ്റി' എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ മിസ് കേരള മത്സരം.

വേളം ചെറുകുന്ന് കാപ്പുമ്മലിലെ കൂലിപ്പണിക്കാരായ കുമാരന്റെയും മാതുവിന്റെയും ഏകമകളാണ് അശ്വിനി. മികച്ചപ്രകടനമാണ് ഡിജിറ്റല്‍ ഓഡിഷന്‍ റൗണ്ടില്‍ ഈ മിടുക്കി കാഴ്ചവെച്ചത്. എന്തുകൊണ്ടാണ് മിസ് കേരള മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചെതെന്ന ചോദ്യത്തിന് 'എന്നെപ്പോലെയുള്ള കുട്ടികളും മുന്നോട്ട് വരണം' എന്നായിരുന്നു അശ്വിനിയുടെ ആത്മവിശ്വാസം നിറഞ്ഞ ഉത്തരം. ഇഷ്ടനടനും നടിയും ആരെന്നതിന് മമ്മൂട്ടിയും കാവ്യാ മാധവനും എന്നും ഭാവിയില്‍ എന്താകാനാണ് ആഗ്രഹം എന്നതിന് സിനിമാനടി എന്നും അശ്വിനി ഉത്തരം നല്‍കി.

സിനിമയും നൃത്തവും ഏറെ ഇഷ്ടപ്പെടുന്ന അശ്വിനി മത്സരവേദികളിലെ തിളക്കമാര്‍ന്ന സാന്നിധ്യത്തിലൂടെ ഒട്ടേറെ സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. കരുണ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അക്ഷയ തോമസിന്റെയും അധ്യാപകരുടെയും നിര്‍ലോഭമായ പിന്തുണയാണ് വിജയങ്ങളുടെ പിന്നിലെ പ്രേരകശക്തിയെന്ന് ഈ ഇരുപത്തിയാറുകാരി പറയുന്നു.

ജനകീയ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന കുറ്റ്യാടി തണല്‍-കരുണ സ്‌കൂളില്‍ മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന 300-ഓളം കുട്ടികളുണ്ട്. മിസ് കേരള വേദിയിലെ അശ്വിനിയുടെ മിന്നുംവിജയത്തിന് കാതോര്‍ക്കുകയാണ് നാടും തണല്‍ കൂട്ടായ്മയും.

Content highlights: differently abled person , aswani will participate in miss kerala contest, first time in the content history