പ്രശസ്ത ഡിസൈനർ സബ്യസാചി മുഖർജി അവതരിപ്പിച്ച മം​ഗൽസൂത്ര ജ്വല്ലറി കളക്ഷന്റെ പരസ്യം വിമർശനങ്ങളെ തുടർന്ന് പിൻവലിച്ചു. പരസ്യം അനുചിതമാണെന്നും 24 മണിക്കൂറിനുള്ളിൽ പിൻവലിക്കണമെന്നും കാണിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി നരോത്തം മിശ്ര അന്ത്യശാസനം നൽകിയതിന് പിന്നാലെയാണിത്. 

ഉത്തരേന്ത്യൻ സ്ത്രീകൾ വിവാഹശേഷം ധരിക്കുന്ന മം​ഗൽസൂത്ര ക്യാംപയിന്റെ പേരിലാണ് സബ്യസാചി ട്രോളുകൾക്ക് ഇരയായത്. ചിത്രങ്ങളിലെ മോഡലുകളുടെ വസ്ത്രധാരണം അനുചിതമായെന്നാണ് പലരുടെയും വിമർശനങ്ങൾ. ഇതിനു പിന്നാലെയാണ് മന്ത്രി വിമർശനവുമായി എത്തിയത്. 

sabyasachi

നേരത്തേ തന്നെ ഇത്തരം പരസ്യങ്ങൾക്ക് താക്കീത് നൽകിതാണെന്നും ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അശ്ലീലവും അനുചിതവുമായ പരസ്യം പിൻവലിക്കണമെന്നും മന്ത്രി പറഞ്ഞു. അല്ലാത്തപക്ഷം കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടിയിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഹൈന്ദവ സംജ്ഞകളിൽ മാത്രം ഇത്തരം വേദനാജനകമായ സംഭവങ്ങൾ ഉണ്ടാവുന്നതെന്നും സബ്യസാചിക്ക് ധൈര്യമുണ്ടെങ്കിൽ മറ്റു മതങ്ങളിലും ഇപ്രകാരം ചെയ്യട്ടെ എന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോ​ഗികമായി ക്ഷമാപണം അറിയിച്ച് പരസ്യം പിൻവലിക്കുന്നുവെന്ന് സബ്യസാചി കുറിച്ചത്. 

mangalsutra

പരസ്യം സമൂഹത്തിലെ ഒരു വിഭാ​ഗത്തെ വ്രണപ്പെടുത്തിയതിൽ അതിയായ ദുഃഖമുണ്ടെന്നും അതിനാൽ പരസ്യം പിൻവലിക്കാൻ തീരുമാനിച്ചു എന്നുമാണ് സബ്യസാചി കുറിച്ചത്. ഇന്റിമേറ്റ് ഫൈൻ ജ്വല്ലറി എന്ന പേരിലാണ് സബ്യസാചി തന്റെ പുതിയ മം​ഗൽസൂത്ര കളക്ഷൻ പുറത്തുവിട്ടത്. മൂന്നു ലക്ഷത്തിന് അടുത്താണ് മം​ഗൽസൂത്രയുടെ വില. 

അടുത്തിടെ മോഡലുകളെ ലെസ്ബിയൻ പങ്കാളികളാക്കി അവതരിപ്പിച്ചതിന്റെ പേരിൽ ഡാബർ ഇന്ത്യ ചെയ്ത പരസ്യവും പിൻവലിക്കേണ്ടി വന്നിരുന്നു. അന്നും നരോത്തം മിശ്ര ഡാബർ ഇന്ത്യക്ക് താക്കീതുമായി എത്തിയിരുന്നു. ലെസ്ബിയൻ പങ്കാളികൾ കർവാചൗത് ആഘോഷിക്കുന്ന രീതിയിൽ പരസ്യത്തിന്റെ ഉള്ളടക്കം ചെയ്തതിനെതിരെയാണ് മിശ്ര പ്രതികരിച്ചത്.  

പരസ്യം പിൻവലിക്കാൻ കമ്പനിയോട് ആവശ്യപ്പെടണമെന്ന് പോലീസിന് നിർദേശം നൽകിയതായും കമ്പനി അനുസരിക്കാത്ത പക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോ​ഗികമായി ​ക്ഷമാപണം അറിയിച്ച ഡാബർ പരസ്യം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. 

Content Highlights: designer sabyasachi controversy, mangalsutra ad, minister narottam mishra, sabyasachi latest news, latest bollywood news, mathrubhumi latest