'മുഖംമൂടി'ക്കാര്‍ നിറഞ്ഞ അസാധാരണ ലോകത്ത്, പിണങ്ങിനില്‍ക്കുന്ന കുട്ടികളെ പാട്ടിലാക്കി മാസ്‌ക് ധരിപ്പിക്കുകയാണ് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയായ ദിവ്യ. കോമിക്ക് തീം മാസ്‌ക് എന്ന വിദ്യയുമായാണ് ദിവ്യ ചെറിയ കുട്ടികളെ അനുനയിപ്പിക്കുന്നത്.  മിക്കിമൗസ് മാസ്‌ക്, പൂച്ചയുടെ മുഖവും ചെവികളുമൊക്കെയുള്ള ക്യാറ്റ് മാസ്‌ക് എന്നിവയൊക്കെ തുന്നി പുറത്തിറക്കിക്കൊണ്ടാണ് പൂജപ്പുര തമലം സ്വദേശിനിയായ ദിവ്യ ലോക്ക്ഡൗണ്‍ കാലം സൃഷ്ടിപരമാക്കുന്നത്. മാസ്‌ക് ധരിക്കാന്‍ മടികാട്ടുന്ന കുട്ടികളൊക്കെ അവരുടെ ഇഷ്ടകഥാപാത്രങ്ങളെ കാണുമ്പോള്‍ ഇണങ്ങും. മടികൂടാതെ ഈ മുഖാവരണമണിയും.

 അടുത്ത വീട്ടിലെ രണ്ടര വയസ്സുകാരിക്ക് മാസ്‌ക് കാണുന്നതു പേടിയാണെന്നു പറഞ്ഞപ്പോഴാണ് ക്യാറ്റ് മാസ്‌ക് തുന്നി നല്‍കിയത്. ആവശ്യക്കാര്‍ ഏറിയതോടെ പല 'കുട്ടിത്തീമുകളു'മായി മുഖാവരണങ്ങള്‍ പിറന്നു. മാസ്‌ക് നിര്‍മാണത്തിനായി അനുശാസിക്കുന്ന തുണിയുപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. സൗജന്യമായാണ് ദിവ്യ കുട്ടിമാസ്‌കുകള്‍ നിര്‍മിച്ചുനല്‍കുന്നത്.  കുട്ടികള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന അറിയിപ്പുകൂടി വന്നതോടെ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കുള്ള മാസ്‌കും നിര്‍മിക്കുന്നുണ്ട്. 

ഫൈന്‍ ആര്‍ട്സ് കോളേജില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ദിവ്യ, പിന്നീട് ഫാഷന്‍ ഡിസൈനിങ് പഠിക്കുകയായിരുന്നു. ചുറ്റുവട്ടത്തുള്ളവര്‍ ഡിസൈനിങ്ങിനും തയ്യലിനുമായി ദിവ്യയെ സമീപിക്കാറുണ്ട്. ദിവ്യയുടെ അച്ഛന്‍ കരമന ഭൂപതി അറിയപ്പെടുന്ന ശില്‍പ്പിയാണ്. ഡേ കെയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ വസന്തയാണ് അമ്മ.

Content Highlights: Designer makes Cute Micky Mouse face Mask for Kids during Corona virus pandemic