തൃശ്ശൂർ: കോവിഡ് കാലം വിദ്യാര്ഥികളെ മാത്രമല്ല കേരളത്തിലെ സ്‌കൂൾ അധ്യാപകരേയും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയതായി പഠനം. ബെംഗളൂരുവിലെ  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസലെ  (നിംഹാൻസ്) ആറുപേര് ചേർന്നാണ്  സർവ്വേ നടത്തിയത്. സാമ്പിൾ സർവ്വേയിൽ പങ്കെടുത്ത അധ്യാപകരിൽ 2.2 ശതമാനം പേർ മാനസിക സമ്മർദ്ദം കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വെളിപ്പെടുത്തൽ.  

സ്‌കൂൾ അടച്ചിടലിന്റെ ഒരു വർഷം പൂർത്തിയായ  2021 മെയ്, ജൂൺ മാസങ്ങളിലായിരുന്നു പഠനം. 14 ജില്ലകളിൽ നിന്നായി  321 അധ്യാപകരെയാണ് സർവ്വേയിൽ ഉൾപ്പെടുത്തിയത്.  മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർമാരുടെ സഹകരണത്തോടെയായിരുന്നു പഠനം. ഓൺലൈൻ ക്ലാസിലേക്കുള്ളമാറ്റം, ജോലി സംബന്ധമായ മറ്റു മനക്ലേശങ്ങൾ, ജോലിയും വീട്ടിലെ പണികളും ഒരുമിച്ച് തരണം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്, ആത്മഹത്യാ പ്രവണത, ജോലിയിലെ ആത്മ സംതൃപ്തി എന്നിവയെല്ലാം കണക്കിലെടുത്തായിരുന്നു പഠനം. നിംഹാൻസ് സംഘത്തിന്റെ പഠന റിപ്പോർട്ട് ഡൽഹിയിൽ നവംബർ 24 മുതൽ 27 വരെ നടന്ന  ഡിസാസ്റ്റർ മാനേജ്മന്റ് വേൾഡ് കോൺഫറൻസിൽ അവതരിപ്പിച്ചു.

സർവ്വേയിൽ പങ്കെടുത്തവരുടെ വിവരം (ശതമാനം)

*  അധ്യാപികമാർ-85.7 
*   വിവാഹിതർ-92.5
*  ബിരുദാനന്തര ബിരുദമുള്ളവർ-61.4
*  ഗ്രാമത്തിലുള്ളവർ-69 
*  സ്വകാര്യ സ്‌കൂളിലുള്ളവർ-36.4 
*  ഹൈസ്‌കൂളിൽ ജോലി ചെയ്യുന്നവർ-48.9 
*  മാസശന്പളം 41000 മുതൽ 50000 വരെയുള്ളവർ-21.5 
*  മോശം സാമ്പത്തിക നിലയിലുള്ളവർ-4.4 
* മോശമല്ലാത്ത സാമ്പത്തിക നിലയിലുള്ളവർ-35.2 
*  നല്ല സാമ്പത്തിക നിലിയിലുള്ളവർ- 60.4  
* കാര്യമായ മാനസിക സമ്മര്ദ്ദമില്ലാത്തവർ-21.8
*  നല്ല തോതിൽ മാനസിക സമ്മർദ്ദമുള്ളവർ-76
*  താങ്ങാനാകാത്ത മാനസിക സമ്മർദ്ദമുള്ളവർ-2.2.

 അത്മഹത്യാ പ്രവണതയുടെ വിവരം( ശതമാനം) 

*  ചിന്തിച്ചവര്- 10
*  ചിന്തിച്ച് അതിന് ശ്രമിക്കാതിരുന്നവർ-4
*  ചിന്തിക്കുകയും ശ്രമിക്കുകയും മരിക്കാനാഗ്രഹിക്കുകയും ചെയ്തവർ-2.2
* ശ്രമിക്കുകയും മിരിക്കാനാഗ്രഹിക്കാതിരിക്കുകയും ചെയ്തവർ-0.6
* പലതവണ  ശ്രമിക്കുകയും മരിക്കാനാഗ്രഹിക്കുകയും ചെയ്തവര്-0.6
*  ഒരു തവണ ശ്രമിച്ചവർ- 12.5
*  രണ്ട് തവണ ശ്രമിച്ചവർ-3.7
* മൂന്നാല് തവണ ശ്രമിച്ചവർ-1.2 
* അഞ്ചിലേറെ തവണ ശ്രമിച്ചവർ-0.3
* ആത്മഹത്യാ വിവരം അറിയിച്ച് മരിക്കാൻ ശ്രമിച്ചവർ-2.5
* ആത്മഹത്യാ വിവരം അറിയിച്ച് മരിക്കാൻ ഒന്നിലേറെ തവണ ശ്രമിച്ചവര്-0.9.

അധ്യാപകരിൽ മാനസികവും സാമൂഹികവുമായ ഇടപെടലുകൾ നടത്തണമെന്നും മാനസികാരോഗ്യശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങളും പദ്ധതികളും  നടത്തണമെന്നുമാണ് പഠനം നിർദ്ദേശിക്കുന്നു.

നിംഹാൻസിലെ സെന്റർ ഫോർ സൈക്കോ സോഷ്യൽ സപ്പോർട്ട് ഇൻ ഡിസാസ്റ്റർ മാനേജ്മന്റ് ഫെല്ലോഷിപ്പിലെ വിദ്യാർത്ഥി കെ.വൈ ഷഫീഖ് ,സോനു.പി.രാജു ,അനിൽ ദൊഡ്ഡമണി, ഗവേഷണ വിദ്യാര്ഥി കെ.എ. തൻസ ,അസി.പ്രൊഫസർ ഡോ. സഞ്ജീവ് കുമാർ മണികപ്പ ,സീനിയർ ടെക്‌നിക്കൽ കൺസൽട്ടന്റ്  ഡോ.ശേഖർ കാശി എന്നിവരാണ് പഠനം നടത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: depression in teachers, teachers stress and mental health, mental health covid