കാസര്‍കോട്: ജീവിതത്തിലെ സന്തോഷവും സങ്കടവും പങ്കിടാനും ഒറ്റപ്പെടലിന്റെ ഇടവേളകളില്‍ ഒരുമിച്ച് കൈകോര്‍ത്ത് നടക്കാനും സായാഹ്നങ്ങള്‍ ചെലവഴിക്കാനും ഒരു കൂട്ട് ആവശ്യമാണെന്നു തോന്നിയിട്ടുണ്ടോ. നിങ്ങളെ മനസ്സിലാക്കുന്ന, വിഷമങ്ങളില്‍ ചേര്‍ത്തുപിടിക്കുന്ന, ആഹ്ലാദങ്ങളില്‍ ആഘോഷിക്കുന്ന ഒരു പങ്കാളി കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹമുണ്ടോ. വിഷമിക്കേണ്ട വനിതാസംരക്ഷണവകുപ്പിന്റെ കൂട്ട് പദ്ധതി വഴി നിങ്ങള്‍ക്ക് യോജിച്ച പങ്കാളിയെ കണ്ടെത്താം.

ഭര്‍ത്താവ് ഉപേക്ഷിച്ചതും മരണപ്പെട്ടതും വിവാഹബന്ധം വേര്‍പ്പെടുത്തിയവരുമായ സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയില്‍ ഇതിനകം ആയിരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ നിരാശയോടെ കഴിയുന്ന സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒറ്റയാക്കപ്പെട്ട സ്ത്രീകള്‍ക്ക് കൂട്ടുകണ്ടെത്തി നല്‍കുകയും സാമ്പത്തികമായി സ്വാശ്രയരാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. നിലവില്‍ പദ്ധതിയില്‍ 15,000 സ്ത്രീകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അപേക്ഷ വഴി സന്നദ്ധസംഘടനകളുടെയും തദ്ദേശസ്ഥാപന അംഗങ്ങളുടെയും സഹായത്തോടെയാണ് ഇവരുടെ വിവരശേഖരണം നടത്തിയത്. പദ്ധതിയില്‍ അംഗങ്ങളായ 50 സ്ത്രീകള്‍ പുനര്‍വിവാഹത്തിന് സന്നദ്ധതയറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. ഇവര്‍ക്ക് പറ്റിയ കൂട്ട് തേടുകയാണ് വനിതാസംരക്ഷണവകുപ്പ്. വിധവ/പുനര്‍വിവാഹത്തിന് താത്പര്യമുള്ള പുരുഷന്‍മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 31 വരെയാണ് അപേക്ഷിക്കേണ്ട സമയം. നൂറോളംപേര്‍ ഫോണ്‍ വഴിയും അഞ്ചുപേര്‍ വെബ്സൈറ്റ് വഴിയും ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അപേക്ഷിക്കേണ്ട വിധം
കൂട്ട് പദ്ധതിയിലേക്ക് പുരുഷന്‍മാര്‍ www.koottu.in-ലൂടെയാണ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം കുറ്റകൃത്യ പശ്ചാത്തലമില്ലെന്നും നിലവില്‍ ഭാര്യയില്ലെന്നും വ്യക്തമാക്കുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ഗുരുതരമായ രോഗങ്ങളില്ലെന്നുള്ള ഗവ. മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, സ്വഭാവത്തെയും കുടുംബത്തെ നയിക്കാന്‍ കാര്യപ്രാപ്തിയുണ്ടെന്നുമുള്ള ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ അംഗങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍, പ്രായം, വിവാഹമോചനം സംബന്ധമായ രേഖകള്‍, ഭാര്യ മരണപ്പെട്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം. പദ്ധതിയിലേക്ക് വിവാഹാത്തിന് സന്നദ്ധരായ വനിതകള്‍ക്കും അപേക്ഷിക്കാം. പ്ലേസ്റ്റോറില്‍നിന്ന് കൂട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പുനര്‍വിവാഹത്തിന് സന്നദ്ധരായ സ്ത്രീകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04944255266, 9446270127.

Content highlights: department of womens protection provides love shade for women koottu programme