കോഴിക്കോട്: പലതരത്തിലുള്ള പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ സഹായമെത്തിക്കാന്‍ വനിതാ ശിശുവികസനവകുപ്പ്. മാനസിക പിന്തുണ ഉറപ്പാക്കിയുള്ള കൗണ്‍സലിങ്ങിന് പുറമെ നിയമസഹായവും പോലീസിന്റെ സേവനവും ഉറപ്പാക്കുകയാണ് 'കാതോര്‍ത്ത്' പദ്ധതിയിലൂടെ.

കോഴിക്കോട് ജില്ലയില്‍ ഇതുവരെ കാതോര്‍ത്ത് പദ്ധതിയിലൂടെ ഒന്‍പത് പരാതികളാണ് ലഭിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പരാതിയില്‍ നിയമസഹായവും ഒരെണ്ണത്തില്‍ പോലീസ് സഹായവും നല്‍കി. ശേഷിക്കുന്ന പരാതികളില്‍ കൗണ്‍സലിങ് നല്‍കുകയാണ് ചെയ്തത്.

ഓണ്‍ലൈനായാണ് പദ്ധതി നടപ്പാക്കുന്നത്. വനിതാശിശുവികസന വകുപ്പ് മഹിളാശക്തികേന്ദ്രപദ്ധതിക്ക് കീഴില്‍ ജില്ലാതലത്തില്‍ പ്രത്യേക സംവിധാനം (ഡിസ്ട്രിക്ട് ലെവല്‍ സെന്റര്‍ ഫോര്‍ വുമണ്‍) തുടങ്ങിയിട്ടുണ്ട്. സേവനം ആവശ്യമുള്ളവര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഏത് വിധത്തിലുള്ള സേവനമാണോ വേണ്ടത് അത് ഉറപ്പാക്കുകയും ചെയ്യും. പരാതിക്കാരിക്ക് ഓണ്‍ലൈനില്‍ നിശ്ചിതമേഖലയിലുള്ളവരെ ബന്ധപ്പെടാന്‍ സമയം അനുവദിച്ച് നല്‍കും.

ലീഗല്‍-സൈക്കോളജിക്കല്‍ കൗണ്‍സലേഴ്സ്, സൈക്കോളജിസ്റ്റ് എന്നിവരും പോലീസ് സേവനത്തിന് വനിതാസെല്ലിലെ ഉദ്യോഗസ്ഥയുമാണ് ഉണ്ടാവുക. kathorth.wcd.kerala.gov.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

കോവിഡ് കാലത്ത് പലതരത്തിലുള്ള സഹായംതേടി സ്ത്രീകള്‍ ബുദ്ധിമുട്ടുന്നത് ഇതിലൂടെ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. ''സ്ത്രീകള്‍ക്ക് കൃത്യസമയത്ത് സേവനം ഉറപ്പാക്കാന്‍ പദ്ധതിയിലൂടെ കഴിയും. ജില്ലയില്‍ ഇതുവരെ ലഭിച്ച പരാതികളില്‍ അത്തരം ഇടപെടലുകളാണ് നടത്തിയത്''- മഹിളാശക്തികേന്ദ്ര ജില്ലാ വനിതാക്ഷേമ ഓഫീസര്‍ ജോയിസ് ജോസഫ് പറഞ്ഞു.

രക്ഷാദൂതും പൊന്‍വാക്കും

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി രക്ഷാദൂത്, പൊന്‍വാക്ക് പദ്ധതികള്‍ കൂടി ഉണ്ട്. ഗാര്‍ഹിക പീഡനത്തില്‍നിന്ന് വനിതകളെ സംരക്ഷിക്കാന്‍ തപാല്‍ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് രക്ഷാദൂത്. തപാല്‍പ്പെട്ടിയില്‍ പരാതിക്കാരിയുടെ മേല്‍വിലാസം സഹിതം 'തപാല്‍' എന്നെഴുതി നിക്ഷേപിച്ചാല്‍ പോസ്റ്റോഫീസ് അധികൃതര്‍ മുഖേന വനിതാശിശുവികസന വകുപ്പ് പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹരിക്കും.

ശൈശവവിവാഹം തടയുകയാണ് പൊന്‍വാക്കിന്റെ ലക്ഷ്യം. ശൈശവവിവാഹം ശ്രദ്ധയില്‍പ്പെട്ടാല്‍ ponvakkukkd@gmail.com എന്ന മെയിലില്‍ അറിയിച്ചാല്‍ മതി. വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികവും ഉണ്ട്. നിലവില്‍ ഇത്തരം കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫോണ്‍: 9400677600.

Content Highlights: Department of Women and Child Development to help women within 48 hours