കോഴിക്കോട്: ആര്‍ത്തവത്തിന്റെപേരില്‍ ദൈവത്തിനുമുന്നില്‍ അശുദ്ധരാണെന്ന് പറഞ്ഞാല്‍ അത് സമ്മതിക്കാന്‍ പറ്റില്ലെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിനടത്തിയ സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ജന്മംകൊടുക്കാനാവശ്യമായ ഒരു പ്രക്രിയപോലും അശുദ്ധമാണെന്നുപറഞ്ഞ് സ്ത്രീകളെ മാറ്റിനിര്‍ത്തുകയാണ്. ഇതിനുപകരം ശാസ്ത്രബോധം വളര്‍ത്തിയെടുക്കണം. സ്ത്രീകളുടെ ഇഷ്ടത്തോടെ പൊതുസാഹചര്യങ്ങളില്‍ ഇടപെടാനും ശാസ്ത്രചിന്ത ഉണ്ടാക്കിയെടുക്കാനുമാണ് ശ്രമിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

കോഴിക്കോട്ടെ ജെന്‍ഡര്‍ പാര്‍ക്ക് സ്ത്രീകളുടെ മുന്നേറ്റത്തിനുള്ള കേന്ദ്രമായിമാറുകയാണ്. യു.എന്‍. വനിതാവിഭാഗം ദക്ഷിണേഷ്യയിലെ അവരുടെ കേന്ദ്രമായി ജെന്‍ഡര്‍ പാര്‍ക്കിനെ തിരഞ്ഞെടുത്തു. സ്ത്രീസംരംഭകര്‍ക്കുള്ള ഇന്‍ക്യുബേഷന്‍ കേന്ദ്രം, വില്‍പ്പനകേന്ദ്രം തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

നിലമ്പൂര്‍ ആയിഷ, കുട്ട്യേടത്തി വിലാസിനി, സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍, ജാനമ്മ കുഞ്ഞുണ്ണി എന്നിവരെ മന്ത്രി ആദരിച്ചു. രാസിത്ത് അശോകന്‍, ജാനമ്മ കുഞ്ഞുണ്ണി എന്നിവരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ. അധ്യക്ഷനായി. പി. സതീദേവി, കെ.കെ. ലതിക, എം.കെ. ഗീത, എം.കെ. നളിനി, കെ. ജമീല തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: K.K.Shailaja on menstruation