കഴിഞ്ഞ ദിവസമാണ് സാരി ധരിച്ചതിനാൽ മാളിൽ പ്രവേശനം നിഷേധിച്ചെന്ന് വ്യക്തമാക്കിയ സ്ത്രീയുടെ വീഡിയോ വൈറലായത്. അൻസാൽ പ്ലാസയിലെ അക്വില റെസ്റ്ററന്റിൽ സാരി ധരിച്ചെത്തിയ അനിത ചൗധരി എന്ന മാധ്യമപ്രവർത്തകയാണ് വീഡിയോയിലുണ്ടായിരുന്നത്. സാരി സ്മാർട് ഔട്ട്ഫിറ്റ് അല്ലെന്ന് കാണിച്ച് മാൾ അധികൃതർ പ്രവേശനം നിഷേധിച്ചുവെ ന്നായിരുന്നു അനിതയുടെ പരാതി. എന്നാൽ ഇപ്പോൾ വിഷയത്തിൽ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അധികൃതർ. 

സാമൂഹികമാധ്യമത്തിൽ അനിത പങ്കുവച്ച വീഡിയോ വൈറലായതോടെ റെസ്റ്ററന്റിനെതിരെ പ്രതിഷേധം കടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അക്വില ഇൻസ്റ്റ​ഗ്രാമിൽ വിശദീകരണക്കുറിപ്പ് പങ്കുവച്ചത്. അനിത പങ്കുവച്ച വീഡിയോ ക്ലിപ് ഒരുമണിക്കൂർ നീണ്ട സംഭാഷണത്തിൽ നിന്നെടുത്ത പത്തുസെക്കന്റ് ഭാ​ഗം മാത്രമാണെന്ന് കുറിപ്പിൽ പറയുന്നു. അനിത ജീവനക്കാരിലൊരാളെ മർദിക്കുന്ന രം​ഗവും അക്വില പങ്കുവച്ചു. അക്വിലയിൽ‌ പരമ്പരാ​ഗത വസ്ത്രമെന്നോ ആധുനിക വസ്ത്രമെന്നേ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനമുണ്ടെന്നും അനിതയ്ക്ക് പ്രവേശനം നിഷേധിച്ചതിനു പിന്നിൽ വസ്ത്രധാരണമല്ല കാരണമെന്നും കുറിപ്പിൽ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AQUILA (@aquila.delhi)

റെസ്റ്ററന്റിലെത്തിയ അതിഥിയോട് അവരുടെ പേരിൽ റിസർവേഷൻ ചെയ്തിട്ടില്ലാത്തതിനാൽ തൽക്കാലത്തേക്ക് അൽപനേരം കാത്തിരിക്കാൻ അഭ്യർഥിക്കുകയായിരുന്നു. എവിടെയാണ് അവരെ ഇരുത്തുക എന്ന് ആലോചിക്കുന്നതിനിടെയാണ് അതിഥി റെസ്റ്ററന്റിലേക്ക് കടന്ന് ജീവനക്കാരിലൊരാളെ മർദിക്കുകയും ചെയ്തു. പിന്നീടുണ്ടായത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ആ സാഹചര്യത്തെ മറികടക്കാൻ സാരി സ്മാർട്ഫിറ്റ് അല്ലാത്തതിനാൽ അതിഥിയോട് പുറത്തുപോവാൻ ​ഗേറ്റ് മാനേജർമാരിലൊരാൾ അഭ്യർഥിക്കുകയായിരുന്നു. ഡ്രസ്കോഡ് വിഷയത്തിൽ ടീം ഒന്നാകെ മാപ്പപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. - കുറിപ്പിൽ പറയുന്നു. 

​അക്വിലയിലെ ഒരു ​ഗേറ്റ് മാനേജർ പറഞ്ഞ കാര്യം ഇന്ന് മുഴുവൻ അം​ഗങ്ങളുടെ നിലപാടായി പ്രചരിച്ചിരിക്കുകയാണെന്നും പരമ്പരാ​ഗത വസ്ത്രത്തിൽ വരുന്നവർക്ക് പ്രവേശനം നിഷേധിക്കുമെന്ന് കമ്പനിയുടെ പോളിസിയിൽ എവിടെയും പറയുന്നില്ലെന്നും കുറിപ്പിലുണ്ട്. അനിത മാനേജർമാരിലൊരാളെ മർദിക്കുന്നതിന്റെ വീഡിയോയും നേരത്തേ സാരി ധരിച്ച് അതിഥികൾ റെസ്റ്ററന്റിൽ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 

എന്നാൽ അക്വിലയുടേത് കെട്ടിച്ചമച്ച വീഡിയോ ആണെന്നും സാരി ധരിച്ചെത്തുന്ന സ്ത്രീകളുടെ വീഡിയോ ഫോട്ടോഷൂട്ടിനിടയിൽ നിന്നുള്ളതാണെന്നും അനിത പ്രതികരിച്ചു. 

ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും ഹൃദയഭേദകമായ അവ​ഗണനയാണ് ഇതെന്നു പറഞ്ഞാണ് അനിത കഴിഞ്ഞ ദിവസം വീഡിയോ പങ്കുവച്ചത്. പിന്നാലെ വിഷയം സംബന്ധിച്ച് അനിത തന്റെ യൂട്യൂബ് ചാനലിൽ മറ്റൊരു വീഡിയോ പങ്കുവെക്കുകയും ചെയ്തു. താൻ വിവാഹിതയായത് സാരിയിലാണെന്നും തന്നെ സാരി ധരിച്ചു കാണാനാണ് കുടുംബവും താനും ഇഷ്ടപ്പെടുന്നതെന്നും അനിത പറഞ്ഞു. സാരിയാണ് ഏറ്റവും എല​ഗന്റ് ആയ ഫാഷനബിളായ സുന്ദരമായ വസ്ത്രമെന്നും അനിത പറഞ്ഞു.

തുടർന്ന് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ഡൽഹി മുഖ്യമന്ത്രി, ഡൽഹി പോലീസ്, ദേശീയ വനിതാ കമ്മീഷൻ തുടങ്ങിയവരോട് എന്താണ് സ്മാർട് ഔട്ട്ഫിറ്റിന്റെ നിർവചനമെന്നു ചോദിക്കുന്ന അനിത അതറിഞ്ഞാൽ സാരിയുടുക്കുന്നത് അവസാനിപ്പിക്കാമെന്നും പറഞ്ഞിരുന്നു.