രിയറില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ താന്‍ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു എന്ന് തുറന്ന് പറഞ്ഞ താരസുന്ദരിയാണ് ദീപിക പദുക്കോണ്‍. ദീപികയുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയത് ബി-ടൗണ്‍ മാത്രമായിരുന്നില്ല, അവരുടെ ആരാധകര്‍ കൂടിയായിരുന്നു. വിഷാദരോഗത്തെ മറികടന്ന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുനടന്ന അവര്‍ പ്രചോദനമായത് വിഷാദരോഗത്തോട് മല്ലടിക്കുന്ന നിരവധിപേര്‍ക്കാണ്. 

എന്നാല്‍ വിഷാദരോഗം മടങ്ങിവരുമോ എന്ന് ഭയക്കുന്നുണ്ടെന്നാണ് താരസുന്ദരിയുടെ പുതിയ വെളിപ്പെടുത്തല്‍. ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്ത്യ എക്കണോമിക് സമ്മിറ്റില്‍ സംസാരിക്കുന്നതിനിടയിലാണ് ദീപികയുടെ തുറന്നുപറച്ചില്‍. ' വിഷാദരോഗത്തെ പൂര്‍ണമായും അതിജീവിച്ചോ എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. അസുഖം തിരിച്ചുവരുമോ എന്ന ഭയം ഇപ്പോഴും എന്റെ മനസ്സില്‍ ഉണ്ട്. കാരണം എന്റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമായിരുന്നു അത്. ' ദീപിക പറയുന്നു. 

വിഷാദരോഗത്തെ കുറിച്ചുള്ള തുറന്നുപറച്ചിലിനെ തുടര്‍ന്ന് ചില ചിത്രങ്ങളില്‍ തനിക്ക് അവസരം നഷ്ടപ്പെട്ട കാര്യവും ദീപിക പറഞ്ഞു. ' വിഷാദരോഗത്തിന്റെ പിടിയിലായതിനാല്‍ എനിക്ക് അഭിനയിക്കാന്‍ സാധിക്കില്ലെന്ന് കരുതി ചിലയാളുകള്‍ അവസരം നല്‍കിയില്ല. എനിക്കിഷ്ടമുള്ള സിനിമകള്‍ തിരഞ്ഞെടുക്കാനും അഭിനയിക്കാനും കഴിയുന്ന സാഹചര്യത്തിലായിരുന്നു അന്ന് ഞാന്‍. പക്ഷേ എല്ലാവര്‍ക്കും അത്തരമൊരു സാഹചര്യം ലഭിക്കുമെന്ന് കരുതുന്നില്ല.'

സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതിയാണ് ദീപികയുടെ പുതിയ ചിത്രം. ഡിസംബറില്‍ ചിത്രം റിലീസിനെത്തും.