മുംബൈ:  മുംബൈയിലെ പ്രധാന ​ഗതാ​ഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാൻമുംബൈ ഇലക്ട്രിക് സപ്ലൈ ആ‍ന്റ് ട്രാൻസ്പോർട്ട്( BEST) സ്ത്രീകൾക്ക് മാത്രമായി ബസ് സർവീസ് ഒരുക്കുന്നു. നവംബർ ആറുമുതലാണ് സൗകര്യം ലഭ്യമാവുക. 

ന​ഗരത്തിലെ എഴുപതോളം റൂട്ടുകളിലാണ് നൂറോളം ബസുകൾ ഒരുക്കുന്നത്. എഴുപതു റൂട്ടുകളിൽ പത്തെണ്ണം ലേഡീസ് സ്പെഷലായിരിക്കും. അഥവാ സ്ത്രീകൾക്ക് മാത്രമം പ്രവേശനമുള്ളവയാവും. 

ബാക്കിയുള്ള അറുപതു റൂട്ടുകളിൽ ലേഡീസ് ഫസ്റ്റ് എന്ന രീതിയിലാവും നടപ്പിലാക്കുക. അതായത് ആദ്യ ബസ്റ്റോപ്പിൽ സ്ത്രീകൾക്കായിരിക്കും മുൻ​ഗണന. 

ന​ഗരത്തിലെ സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ആണ് ഈ സംവിധാനം നടപ്പിലാക്കാൻ നിർ‌ദേശിച്ചതെന്ന് ബെസ്റ്റിന്റെ വക്താക്കൾ അറിയിച്ചു. ഭാവിയിൽ ആവശ്യമുണ്ടെങ്കിൽ ട്രിപ്പുകളുടെ എണ്ണമോ റൂട്ടുകളോ വർധിപ്പിച്ചേക്കാമെന്നും അധികൃതർ അറിയിച്ചു. 

സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബെസ്റ്റിന്റെ ജനറൽ മാനേജർ ലോകേഷ് ചന്ദ്ര പറഞ്ഞു. 28 ലക്ഷത്തോളം യാത്രികരാണ് തങ്ങളുടെ സേവനം ദിവസവും ഉപയോ​ഗിക്കുന്നത്. അതിൽ പന്ത്രണ്ടു ശതമാനത്തോളം സ്ത്രീയാത്രികരാണ്. ആദ്യത്തെ ബസ് സ്റ്റോപ്പിൽ സ്ത്രീകൾക്ക് പ്രാമുഖ്യം നൽകുക വഴി ആ റൂട്ടിൽ വനിതാ യാത്രികർ കൂടുമെന്നും സ്വാഭാവികമായി ലേഡീസ് സ്പെഷൽ റൂട്ട് ആവുമെന്നും മറ്റൊരു വക്താവ് പറഞ്ഞു.

നേരത്തേയും സമാനമായി സ്ത്രീകൾക്ക് മാത്രമുള്ള ബസ് സേവനങ്ങൾ ബെസ്റ്റ് നടപ്പിലാക്കിയിരുന്നു. പിന്നീട് ചില റൂട്ടുകൾ പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ  സേവനം നിർത്തലാക്കുകയായിരുന്നു. 

Content Highlights: Dedicated Bus Services For Women, bus service mumbai, Free bus service for ladies