കൊറോണയെ തുരത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മിക്ക രാജ്യങ്ങളിലും. ഒപ്പം സാമൂഹിക അകലവും വ്യക്തിശുചിത്വവും മാസ്‌ക് നിര്‍ബന്ധമാക്കലുമൊക്കെ ഇനിയും കുറച്ചു കാലത്തേക്കു കൂടി വേണ്ടിവരുമൊണ് വിദഗ്ധര്‍ പറയുന്നത്. മാസ്‌ക് ധരിക്കുന്നതിലൂടെ ആശയവിനിമയത്തിന് ബുദ്ധിമുട്ടുന്നൊരു വിഭാഗമാണ് ബധിരര്‍. മാസ്‌ക് കൊണ്ട് വായുടെ ഭാഗം മറയുമ്പോള്‍ ചുണ്ടിന്റെ ചലനങ്ങളിലൂടെ കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ കഴിയാതെ വരും. അത്തരക്കാര്‍ക്കൊരു പോംവഴിയുമായി എത്തിയിരിക്കുകയാണ് ഒരമ്മ. 

നാല്‍പത്തിരണ്ടുകാരിയായ ജസ്റ്റിന്‍ ബേറ്റ് സ്വന്തം ജീവിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരത്തിലൊരു മാസ്‌ക് നിര്‍മിച്ചത്. ബധിരയായ തനിക്കും മകള്‍ക്കും നിലവിലെ മാസ്‌ക് രീതി ആശയവിനിമയത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ വ്യത്യസ്തമായൊരെണ്ണം ഡിസൈന്‍ ചെയ്യുകയായിരുന്നു ഗ്രാഫിക് ഡിസൈനര്‍ കൂടിയായ ജസ്റ്റിന്‍. 

ചുണ്ടിന്റെ ചലനങ്ങള്‍ കാണാനായി വായ്ഭാഗത്ത് പ്ലാസ്റ്റിക് കൊണ്ടുള്ള കവറിങ്ങോടെയാണ് മാസ്‌ക് ഡിസൈന്‍ ചെയ്തത്. പത്തുവയസ്സുകാരിയായ മകള്‍ ടിയോണയ്ക്കും തനിക്കും വേണ്ടിയാണ് ഉണ്ടാക്കിത്തുടങ്ങിയതാണെങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഈ മാസ്‌ക് ആവശ്യപ്പെട്ടു രംഗത്തെത്തുന്നതെന്ന് ജസ്റ്റിന്‍ പറയുന്നു. മകള്‍ സ്‌കൂളില്‍ പോയാല്‍ മാസ്‌ക് വെക്കുന്നതുകൊണ്ട് സുഹൃത്തുക്കളോട് എങ്ങനെ സംസാരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. തുടർന്നുള്ള ആലോചനയിലാണ് ഇത്തരമൊരു മാസ്‌ക് എന്ന ആശയം വന്നതെന്ന് ജസ്റ്റിന്‍ പറയുന്നു.

ദിവസവും നിരവധി പേരാണ് മാസ്‌ക് ആവശ്യപ്പെട്ട് രംഗത്തെത്തുന്നതെന്നും ജസ്റ്റിന്‍. പണത്തിനു വേണ്ടിയല്ല തങ്ങള്‍ ഇതു ചെയ്തു തുടങ്ങിയതെന്നും മകളുടെ ജീവിതം സമ്മര്‍ദമുള്ളതായിത്തീരരുത് എന്നാഗ്രഹിച്ചാണെും ജസ്റ്റിന്‍ വ്യക്തമാക്കി.

Content Highlights: Deaf Mom Creates A Face Mask For Herself And Her Daughter