മ്മയുടെ ശവമഞ്ചവുമേറി നടക്കുന്ന നാലു പെൺമക്കളുടെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ആൺമക്കൾ അമ്മയുടെ മരണാനന്തര ചടങ്ങിൽ നിന്ന് വിട്ടുനിന്നതോടെയാണ് ശവമഞ്ചം ഏന്തുന്നത് ഉൾപ്പെടെ പെൺമക്കൾ തന്നെ ഏറ്റെടുത്തു നടത്തിയത്. ഒഡിഷയിലെ മം​ഗൾ‌ഘട്ടിൽ നിന്നാണ് സംഭവം പുറത്തുവന്നിരിക്കുന്നത്. 

എൺപതുകാരിയായ ജതി നായകിന്റെ മരണാനന്തര ചടങ്ങുകളാണ് പെൺമക്കൾ നിർവഹിച്ചത്. ശനിയാഴ്ചയായിരുന്നു ജതിയുടെ മരണം. അമ്മ മരിച്ചെന്ന് അയൽവാസികൾ രണ്ട് ആൺമക്കളെയും അറിയിച്ചെങ്കിലും ഇരുവരും എത്താൻ തയ്യാറായില്ല. അതോടെയാണ് അന്ത്യകർമങ്ങൾ പെൺമക്കൾ തന്നെ ചെയ്യാൻ തീരുമാനിച്ചത്. നാലുപേരും ശവമഞ്ചം വഹിക്കുകയും നാലുകിലോമീറ്റർ അകലത്തിലുള്ള ശ്മശാനത്തിലെത്തി മറ്റ് അന്ത്യകർമങ്ങൾ നിർവഹിക്കുകയും ചെയ്തു. 

കഴിഞ്ഞ പത്തുവർഷമായി സഹോദരന്മാർ അമ്മയെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് മകൾ സീതാമണി സാഹു പറഞ്ഞു. അമ്മയുടെ സുഖവിവരം പോലും അന്വേഷിക്കാൻ തയ്യാറായിരുന്നില്ല. മരണത്തിന് മുമ്പ് അമ്മയ്ക്ക് അസുഖം കൂടുകയും ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തപ്പോൾ പോലും സഹോദരങ്ങൾ വന്നില്ലെന്നും സീതാമണി പറഞ്ഞു.

ഇളയ സഹോദരിക്കൊപ്പമാണ് അമ്മ താമസിച്ചിരുന്നത്. സഹോദരങ്ങൾ വരില്ലെന്ന് ബോധ്യമായതോടെയാണ് അന്ത്യകർമങ്ങൾ പെൺമക്കൾ തന്നെ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും സീതാമണി പറഞ്ഞു. 

Content Highlights: daughters perform mother last rites after sons dont turn up