പഞ്ചഗുസ്തിയെ സ്‌നേഹിക്കുന്ന ഓരോ കായികപ്രേമിയുടെയും ഹൃദയത്തില്‍ അഖാഡയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍, പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം അഖാഡയില്‍ പ്രവേശനം ലഭിക്കുക, പരിശീലനം നേടുക എന്നതെല്ലാം അസാധ്യമായ കാര്യവും. ഈ പതിവ് തെറ്റിക്കുകയാണ് വാരണാസിയിലെ തുളസീഘട്ടിലുള്ള സ്വാമിനാഥ് അഖാഡ.

ദേശീയ ഗുസ്തി താരങ്ങളായ ഗീതാ ഫോഗട്ടിന്റെയും ബബിതാ ഫോഗട്ടിന്റെയും ജീവിത കഥയുമായി വെള്ളിത്തിരയിലെത്തിയ ദംഗലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സ്വാമിനാഥ് അഖാഡ പെണ്‍കുട്ടികള്‍ക്ക് പരിശീലനത്തിന് സൗകര്യമൊരുക്കുന്നത്. ആദ്യപടിയായി ഗുസ്തിയെ സ്‌നേഹിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള മത്സരത്തിനും ഈ അഖാഡ വേദിയൊരുക്കി. സങ്കട്‌മോചന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. ദംഗല്‍ ആണ് തങ്ങളുടെ ചിന്തയെ മാറ്റിക്കുറിച്ചതെന്നും ഫൗണ്ടേഷന്‍ ഭാരവാഹികള്‍ മത്സരസമയത്ത് പ്രഖ്യാപിച്ചിരുന്നു.

പരിശീലനമോ മതിയായ നിര്‍ദേശങ്ങളോ ഒന്നും ലഭിക്കാത്തവരായിട്ടും മത്സരത്തില്‍  പെണ്‍കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചെന്ന് അഖാഡ നടത്തിപ്പുകാര്‍ പറയുന്നു. ഇപ്പോള്‍ അവര്‍ക്ക് കൃത്യമായ പരിശീലനം നല്കിവരുന്നു. കൂടുതല്‍ പേര്‍ ഈ തീരുമാനത്തെ പിന്തുണച്ച് എത്തുന്നുണ്ടെന്നും സ്വാമിനാഥ് അഖഡാ ഭാരവാഹി ഡോ.വിശ്വംഭര്‍ നാഥ് മിശ്ര പറയുന്നു.

സ്ത്രീ പുരുഷ തുല്യതയില്‍ വിശ്വസിച്ചിരുന്ന തുളസീദാസിന്റെ കാലത്ത് സ്ഥാപിച്ചതാണ് ഈ അഖാഡയെന്നാണ് കരുതുന്നത്. ദിവസേന അമ്പതിലധികം ആളുകള്‍ ഇവിടെ ഗുസ്തിപരിശീലനത്തിനായി എത്തുന്നുണ്ട്‌.