തൃശ്ശൂര്‍: വടൂക്കരയിലെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന, പരാധീനതകളൊഴിയാത്ത, ഒറ്റമുറി മണ്‍വീട്ടിലെ അഞ്ച് മനസ്സുകളും വര്‍ഷങ്ങളായി ഒരു നന്മ മുടക്കാറില്ല. തെരുവില്‍ കഴിയുന്നവരെത്തേടി മുടങ്ങാതെ ഈ വീട്ടില്‍നിന്ന് രണ്ട് പൊതിച്ചോറ് എന്നും എത്തുന്നുണ്ട്.

നഗരത്തില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന ടോണിയുടെ പക്കലാണ് ഇവര്‍ കൊടുത്തയയ്ക്കുന്നത്. ബി.എസ്സിക്ക് പഠിക്കുന്ന മകള്‍ ആതിരയാണ് കുടുംബത്തിലെ ഊര്‍ജം. കുറേനാളായി തുടര്‍ന്ന രണ്ട് പൊതിച്ചോറ് എന്ന ശീലം മുടക്കരുതെന്ന് ആതിരയാണ് വീട്ടുകാരോട് നിര്‍ദേശിച്ചത്. ജന്മനാ ചലനശേഷിയില്ലാത്ത ആതിരയെ അമ്മ എടുത്താണ് സ്‌കൂളില്‍ കൊണ്ടുപോയിരുന്നത്. ഇപ്പോള്‍ ബി. എസ്സിക്ക് ഓണ്‍ലൈനായി പഠിക്കുന്നു.

ഉടമസ്ഥാവകാശ രേഖയുണ്ടെങ്കിലും വീടുവെക്കാന്‍ അനുമതിയില്ലായിരുന്നു ഇവരുടെ 3.75 സെന്റില്‍. അനുമതി കിട്ടിയപ്പോഴേക്കും കുടുംബനാഥന്‍ രാജു കിടപ്പിലായി. അര്‍ബുദത്തിന് പുറമേ ഹൃദ്രോഗവും പിടികൂടി.

ഭാര്യ സുമതി വീട്ടില്‍ത്തന്നെ നടത്തുന്ന തുന്നല്‍പ്പണി കൊണ്ടാണ് കുടുംബം കഴിയുന്നത്. മകന്‍ അലോകിന് കഴിഞ്ഞ ലോക്ഡൗണ്‍ തീര്‍ന്നയുടന്‍ താത്കാലിക ജോലി കിട്ടിയെങ്കിലും ഈ ലോക്ഡൗണില്‍ അത് നഷ്ടപ്പെട്ടു. രാജുവിന്റെ അമ്മ ജാനകിയും വീട്ടിലുണ്ട്.ആറു മാസം മുമ്പ് അദാലത്തിലാണ് വീടുവെക്കാന്‍ അനുമതി കിട്ടിയത്. അന്ന് സഹായവാഗ്ദാനവുമായി പലരും എത്തിയിരുന്നു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ എല്ലാം മുടങ്ങി.

Content Highlights: Covid heros Mother and daughter give hands for others who need food