ഗുരുവായൂര്‍: ഇവര്‍ അഗതികളല്ല; അനാഥരുമല്ല, എന്നാല്‍, ഗുരുവായൂര്‍ ക്ഷേത്രപരിസരത്തെ ഫ്‌ലാറ്റുകളില്‍ ഈ വയോധികര്‍ ഏകാന്തതയുടെ തടവുകാരാണ്. ഭൂരിഭാഗവും അമ്മമാര്‍. ക്ഷേത്രത്തില്‍നിന്ന് കോവിഡ് കാലം അവരെ അകറ്റി. വല്ലപ്പോഴും വന്നിരുന്ന ബന്ധുക്കളെയും കാണാനില്ല. നഗരസഭയുടെ 'ഒപ്പമുണ്ട് ഞങ്ങള്‍' എന്ന സാന്ത്വന പരിപാടിയുടെ സര്‍വേയില്‍ 38 അമ്മമാര്‍ ഫ്‌ളാറ്റുകളിലും വീടുകളിലും ഒറ്റയ്ക്കു താമസിക്കുന്നുവെന്നാണ് കണ്ടെത്തിയത്.

'' മരുന്നും ഭക്ഷണവുമൊക്കെ കിട്ടുന്നുണ്ട്. പക്ഷേ, ഞങ്ങളോട് സംസാരിക്കാന്‍ ആരുമില്ല..'' നഗരസഭയുടെ പ്രതിനിധികള്‍ ചെന്നപ്പോള്‍ അമ്മമാര്‍ സങ്കടക്കഥകളുടെ കെട്ടഴിച്ചു. സാമ്പത്തികഭദ്രതയുള്ളവരും വിദേശങ്ങളില്‍ ജോലിയുള്ളവരുമായ മക്കള്‍ തന്നെയാണ് ഫ്‌ളാറ്റുകള്‍ എടുത്തുകൊടുത്തിട്ടുള്ളത്. ഗുരുവായൂരപ്പനെ നിത്യവും തൊഴാനുള്ള അമ്മയുടെ മോഹം 'സാധിപ്പിച്ചു' കൊടുക്കാന്‍ വേണ്ടിയാണത്രേ ഇത്. മുമ്പ് മിക്ക സമയവും ക്ഷേത്രത്തില്‍ കഴിച്ചുകൂട്ടിയിരുന്നു ഇവര്‍.

ഫ്‌ളാറ്റുകളില്‍ തനിച്ചാക്കി തിരിഞ്ഞുനോക്കാത്ത മക്കളും അനേകം. തെക്കേനടയിലെ ഒരു ഫ്‌ളാറ്റില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന പാലക്കാട് സ്വദേശിനിയായ മറവിരോഗമുള്ള അമ്മൂമ്മയ്ക്ക് തൊഴുതു മടങ്ങുന്നതിനിടെ താക്കോല്‍ നഷ്ടപ്പെട്ടു. രണ്ടു ദിവസം ആരോടും പറയാതെ അവര്‍ ഫ്‌ളാറ്റിന്റെ വരാന്തയില്‍ കഴിഞ്ഞു. പരസ്പരം ബന്ധമില്ലാതെ സംസാരിക്കുന്ന ഇവരുടെ ഉറ്റവരെല്ലാം വിദേശങ്ങളിലാണ്.

ഒറ്റപ്പെട്ടവരെ കണ്ടെത്താനും അവരെ നിത്യവും ഫോണില്‍ വിളിച്ചന്വേഷിക്കാനും നഗരസഭയില്‍ കൗണ്‍സിലിങ് സെന്റര്‍ തുറന്നിട്ടുണ്ടെന്ന് ചെയര്‍മാന്‍ എം. കൃഷ്ണദാസ് പറഞ്ഞു. . കുടുംബശ്രീയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെയാണ് ഇതിന് നിയോഗിച്ചിട്ടുള്ളത്. മക്കള്‍ എവിടെയാണെന്നും അവര്‍ വിളിക്കാറുണ്ടോ എന്നും അന്വേഷിക്കുമ്പോള്‍ മിക്കവര്‍ക്കും മൗനം. കോവിഡ് കാലത്ത് എല്ലാവര്‍ക്കും ഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്. കഞ്ഞിമാത്രം വെച്ചു കഴിക്കുന്നവരുമുണ്ട്.

Content Highlights: covid 19 and old aged women