''കുളിച്ചാല്‍ കണ്ണെഴുതുക എന്നത് ഓര്‍മവെച്ച കാലത്തു തുടങ്ങിയ ശീലമാണ്. മാസ്‌ക് വന്നതിനുശേഷം കണ്ണെഴുത്തില്ല. ഇന്നലെ നോക്കുമ്പോള്‍ എന്റെ ഐ ലൈനര്‍ ഉണങ്ങിയിരിക്കുന്നു.'' എഴുത്തുകാരി എസ്.ശാരദക്കുട്ടി, തന്റെ കറുകറുത്ത ഏറ്റവും മുന്തിയ ബ്രാന്‍ഡഡ് ഐലൈനറെ ഓര്‍ത്ത് സങ്കടപ്പെടുന്നു.
മാസ്‌ക് മാത്രമാണ് ഇപ്പോള്‍ മുഖത്തെ പ്രകാശമാനമാക്കാനുള്ള ഏക സൗന്ദര്യ വര്‍ധനോപാധി. ബ്യൂട്ടിക്കുകള്‍ വിലകൂടിയ മാസ്‌കുകള്‍ നിര്‍മിച്ച് അറിയിക്കുന്നുണ്ട്. വീടില്ലെങ്കിലും പടിപ്പുര കേമമാകണം. സാരിയല്ല, മാസ്‌കാണ് ഇനി പ്രധാനം.'' -ശാരദക്കുട്ടി പറയുന്നു.
പൊളിഞ്ഞുവീണ വിപണി
സൗന്ദര്യത്തില്‍ വിശ്വസിച്ച ഒരു വലിയ സമൂഹത്തെ മഷിയിട്ട് നോക്കിയാല്‍ കാണുന്നില്ലെന്ന് കടയിലെ കച്ചവടത്തിന്റെ കണക്ക് നിരത്തി പറയുകയാണ് കോട്ടയം കൈതകം ബ്യൂട്ടി ഷോപ്പ് ഉടമയും കോസ്‌മെറ്റിക്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ സംസ്ഥാന പ്രസിഡന്റുമായ രാജേഷ് കൈതകം.
നേരത്തേ പ്രതിദിനം 50,000 രൂപയുടെ കച്ചവടം നടന്ന സ്ഥാനത്ത് നിലവില്‍ നടക്കുന്നത് 10,000-15,000 രൂപയുടെ മാത്രമാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ളവരുടെ അവസ്ഥയാണിത്.''
സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ കിട്ടാനില്ല
പല കച്ചവടക്കാരും ഓര്‍ഡര്‍ ചെയ്ത് പുതിയ സാധനങ്ങള്‍ വരുത്തുന്നില്ല. ഉത്പന്നങ്ങള്‍ പ്രധാനമായും എത്തിയിരുന്ന ഡല്‍ഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങള്‍ ലോക്ഡൗണ്‍മൂലം അടച്ചിട്ടിരിക്കുന്നു. ഇപ്പോള്‍ സാധനങ്ങള്‍ എത്തുന്നത് ബെംഗളൂരുവില്‍നിന്നാണ്. പണം നല്‍കാന്‍ 15 ദിവസം സാവകാശം നല്‍കിയിരുന്ന കന്പനികള്‍ ഇപ്പോള്‍ മുന്‍കൂറായി പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്നു.
വിലകൂടിയവ വിറ്റുപോയില്ല
വിലകൂടിയ ബ്രാന്‍ഡഡ് മേക്കപ്പ് ഉത്പന്നങ്ങള്‍ തേടിവന്നിവരുടെ എണ്ണം കടകളില്‍ കുറഞ്ഞു. ദിനംപ്രതി 1,500 രൂപ വിലയുള്ള ബ്രാന്‍ഡഡ് ലിപ്സ്റ്റിക്, ഐ ലൈനര്‍ എന്നിവ ദിനംപ്രതി 25 എണ്ണം വരെ വിറ്റിരുന്നെങ്കില്‍ നിലവില്‍ ഒരെണ്ണംപോലും വില്‍ക്കാത്ത ദിവസങ്ങളുണ്ട്. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഒഴിഞ്ഞതാണ് കാരണം. സ്വയം ഒരുങ്ങുന്നതിന് അത്യാവശ്യമായ സാധനങ്ങള്‍ക്കേ വില്‍പ്പനയുള്ളൂ.
''കല്യാണങ്ങള്‍ മുന്നില്‍കണ്ട് വന്‍തോതില്‍ മേക്കപ്പ് ഉത്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്തിരുന്നു. അതില്‍ പലതും കാലാവധി തീരുമെന്നതിനാല്‍ ഉപയോഗിക്കാതെ നശിപ്പിച്ച് കളയേണ്ടിവന്നു.'' കോട്ടയം നഗരത്തിലെ രശ്മീസ് ആന്‍ഡ് എമീസ് ബ്യൂട്ടി ഹബ് ഉടമ രശ്മി ജോസഫ് പറയുന്നു. വരുമാനം കുറഞ്ഞതോടെ സംസ്ഥാനത്തെ 80 ശതമാനം ബ്യൂട്ടിപാര്‍ലറുകളും എല്ലാദിവസവും തുറക്കുന്നില്ല.
മുടി വെട്ടുന്നതിലൂടെ മാത്രം വരുമാനം ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍ പലതും വില്‍പ്പനയ്ക്കിട്ടിരിക്കുകയാണെന്ന് കേരള ബ്യൂട്ടി പാര്‍ലര്‍ അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് തുളസി ബൈജു പറയുന്നു.
പൂര്‍ണമായും അടഞ്ഞപോലെ
ഈ ഘട്ടത്തില്‍ പാര്‍ലറുകള്‍ തുറക്കുന്നത് ബുദ്ധിമുട്ടാണെന്നതിനാല്‍ സര്‍ക്കാര്‍ സഹായം ആവശ്യമാണ്. അസംഘടിത മേഖലയിലുള്ളവരായതിനാല്‍ 1,000 രൂപ സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടുണ്ട്. പലിശരഹിത വായ്പ അല്ലെങ്കില്‍ കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കണം. നാലര ലക്ഷം പേര്‍ പ്രത്യക്ഷത്തിലും ആറുലക്ഷം പേര്‍ പരോക്ഷമായും ഈ ബിസിനസിനെ ആശ്രയിച്ച് കഴിയുന്നവരാണ്.കേരള ബ്യൂട്ടീഷ്യന്‍ അസോസിഷേന്‍ പ്രസിഡന്റ് സി.എസ്.സുജാത പറയുന്നു.
Content Highlights: corona virus pandemic hit beauty industry