ദന്തേവാഡ : നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ രാകേഷ് കൗശലിന്റെ സര്‍വീസ് തോക്കില്‍ രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി ചാര്‍ത്തി സഹോദരി കവിത. 2018 ഒക്ടോബറില്‍ ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ നക്സല്‍ ആക്രമണത്തിലാണ് രാകേഷിന് ജീവന്‍ നഷ്ടപ്പെടുന്നത്.

രാകേഷിന്റെ മരണത്തെ തുടര്‍ന്നാണ് സഹോദരി കവിതക്ക് ഛത്തീസ്ഗഢ് പോലീസ് സേനയില്‍ ജോലി ലഭിക്കുന്നത്. 'തുടക്കത്തില്‍ കവിത ഓഫീസ് ജോലിയാണ് ആഗ്രഹിച്ചത്. എന്നാല്‍ സേനയിലെ സ്ത്രീ കമാന്‍ഡോകളെ പരിചയപ്പെട്ടതിനെ തുടര്‍ന്ന് ഫീല്‍ഡിലിറങ്ങി പ്രവര്‍ത്തിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. സഹോദരന്റെ അതേ തോക്ക് തന്നെ തനിക്ക് നല്‍കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.' എസ്പി അഭിഷേക് പല്ലവ് പറയുന്നു. 

കവിതയുടെ അഭ്യര്‍ഥന പരിഗണിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവള്‍ക്ക് സഹോദരന്‍ ഉപയോഗിച്ചിരുന്ന അതേ തോക്ക് തന്നെ നല്‍കി. 'സഹോദരന്റെ ജീവന്‍ അപായപ്പെടുത്തിയവരോട് എനിക്ക് പകരം ചോദിക്കണം. അവര്‍ പതിയിരുന്ന ആക്രമിച്ച് സുരക്ഷാജീവനക്കാരെയും സാധാരണജനങ്ങളെയുമാണ്. എല്ലാ രക്ഷാബന്ധന്‍ ദിനത്തിലും സഹോദരന്‍ എന്നെ കാണാന്‍ വരുമായിരുന്നു. അദ്ദേഹമില്ലെന്നുള്ള ശൂന്യത ഞാന്‍ അനുഭവിക്കുന്നുണ്ട്. സഹോദരന്‍ എപ്പോഴും കൈയില്‍ കൊണ്ടുനടന്നിരുന്ന തോക്കില്‍ രാഖി ചാര്‍ത്തി ആ വിടവ് നികത്താന്‍ ഞാന്‍  ശ്രമിക്കുകയാണ്.' കവിത പറയുന്നു. 

2018 ഒക്ടോബറില്‍ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ശേഷിക്കേയാണ് ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ നക്‌സല്‍ ആക്രമണമുണ്ടാകുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒപ്പമുണ്ടായിരുന്ന ദൂരദര്‍ശന്‍ സംഘത്തിനും നേരെ ആരന്‍പുര്‍ ഗ്രാമത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ടു പോലീസുകാരും ദൂരദര്‍ശന്റെ ക്യാമറാമാനും കൊല്ലപ്പെട്ടു. രണ്ടു ജവാന്‍മാര്‍ക്ക് പരിക്കേറ്റു. 

നക്‌സല്‍ സാന്നിധ്യം വ്യാപകമായ ജില്ലയാണ് ദന്തേവാഡ. നിയമസഭാതിരഞ്ഞെടുപ്പിനു മുന്നോടിയായി ന്യൂഡല്‍ഹിയില്‍നിന്ന് ഇവിടെ റിപ്പോര്‍ട്ടിങ്ങിന് എത്തിയതായിരുന്നു സാഹുവും റിപ്പോര്‍ട്ടര്‍ ധീരജ് കുമാറും ലൈറ്റ് അസിസ്റ്റന്റ് മൊര്‍മുക്ത ശര്‍മയുമുള്‍പ്പെട്ട ദൂരദര്‍ശന്‍ സംഘം. ആരന്‍പുരില്‍ നക്‌സലുകള്‍ക്കായുള്ള തിരച്ചിലിനുപോയ പോലീസ് സംഘത്തിനൊപ്പം ഇവരും ചേരുകയായിരുന്നു. സംഘം ആരന്‍പുരിലെ നിലാവയയിലെത്തിയപ്പോള്‍ പതിനഞ്ചോളം നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

Content Highlights: Constable Kavitha Koushal ties Rakhi on rifle of her  brother killed by Naxals