ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച ടെന്നീസ് താരം പെങ് ഷുയിയുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്കകളുയരുന്നു. വിമെന്‍സ് ടെന്നീസ് അസോസിയേഷന്‍ ചെയര്‍പേഴ്സൺ  സ്റ്റീവ് സിമോണ്‍ ഷുയിയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് രംഗത്തെത്തി. 

നവംബര്‍ മാസം ആദ്യമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രബല അംഗമായ ഷാങ് ഗവോലിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതിനുശേഷം പെങ് ഷുയിയെ പുറം ലോകം കണ്ടിട്ടില്ല. പെങ്ങിന്റെ ആരോപണം പുറത്തുവന്നതിനുശേഷം അവരെക്കുറിച്ചോര്‍ത്ത് അതിയായ ആശങ്കകളുണ്ടായിരുന്നതായി സ്റ്റീവ് പറഞ്ഞു.

ട്വിറ്റര്‍ പോലെ ചൈനയില്‍ ഉപയോഗത്തിലുള്ള വെബിബോയിലെ ദീര്‍ഘമായ കുറിപ്പിലൂടെയാണ് ഷുയി ഗവോലിക്കെതിരേ ആരോപണം ഉന്നയിച്ചത്. ഗവോലിക്കുള്ള കത്തിന്റെ രൂപത്തിലായിരുന്നു പോസ്റ്റ്. പത്തുവര്‍ഷത്തോളം താനുമായി ഗവോലിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായി ഗവോലി തന്നെ നിര്‍ബന്ധിച്ചതായും കുറിപ്പില്‍ ഷുയി ആരോപിച്ചു. എന്നാല്‍, ഷുയിയുടെ ആരോപണം പുറത്തുവന്ന് 30 മിനിറ്റുകള്‍ക്കുള്ളില്‍ പോസ്റ്റ് വിബിബോയില്‍ നിന്ന് അപ്രത്യക്ഷമായി. എല്ലാ സാമൂഹിക മാധ്യമങ്ങളില്‍നിന്നും സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ളവ നീക്കം ചെയ്തു. വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് ചാംപ്യനാണ് പെങ് ഷുയി. 

അതേസമയം, പെങ് സിമോണിന് അയച്ചുവെന്ന് പറയപ്പെടുന്ന ഇ-മെയിലിന്റെ സ്‌ക്രീന്‍ ഷോട്ട് ചൈനീസ് മാധ്യമമായ സി.ജി.ടി.എന്‍. പ്രസിദ്ധീകരിച്ചു. തന്റെ പേരില്‍ പുറത്തുവന്ന ലൈംഗിക ആരോപണം സത്യമല്ലെന്നും താന്‍ വീട്ടില്‍ വിശ്രമത്തിലാണെന്നും എല്ലാക്കാര്യങ്ങളും നന്നായി പോകുന്നുവെന്നും ഇ-മെയിലില്‍ വ്യക്തമാക്കുന്നു. അതേസമയം, ഇ-മെയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സ്‌ക്രീന്‍ഷോട്ടില്‍ കർസര്‍ കാണുന്നുണ്ടെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. ഇ-മെയില്‍ യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് സിമോണും വ്യക്തമാക്കി. 

ചൈനീസ് മാധ്യമം പുറത്തുവിട്ട വാര്‍ത്ത പെങ്ങിനെക്കുറിച്ചും അവര്‍ അവിടെയാണെന്നതു സംബന്ധിച്ചും ആശങ്കകള്‍ വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പെങ്ങുമായി ബന്ധപ്പെടാന്‍ താന്‍ കുറെയേറെ തവണ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍, അതൊന്നും ഫലവത്തായില്ലെന്നും സിമോണ്‍ കൂട്ടിച്ചേര്‍ത്തു. 

പെങ് സുരക്ഷിതയാണെന്ന് സംബന്ധിച്ച് സ്വതന്ത്രവും വിശ്വസിക്കാന്‍ കഴിയുന്നതുമായ തെളിവുകള്‍ വേണമെന്ന് സിമോണ്‍ പറഞ്ഞു. ലൈംഗിക ആരോപണം തുറന്നുപറയുന്നതിന് അവിശ്വസനീയമായ ധൈര്യമാണ് പെങ് കാണിച്ചത്. അവരുടെ ആരോപണം ബഹുമാനിക്കപ്പെടണം. സുതാര്യമായും എന്നാല്‍ സെന്‍സര്‍ഷിപ് ഇല്ലാതെയും അത് അന്വേഷിക്കപ്പെടേണ്ടതുണ്ട്. സ്ത്രീകളുടെ ശബ്ദം കേള്‍ക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണം. മറിച്ച് സെന്‍സര്‍ ചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്യരുത്-സിമോണ്‍ പറഞ്ഞു. 

പെങ് തടവിലാക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കണമെന്ന് ചൈനീസ് ഹ്യൂമന്‍ റൈറ്റ് ഡിഫന്‍ഡേഴ്‌സ് എന്ന സംഘടനയുടെ അംഗമായ വില്യം നീ പറഞ്ഞു. പെങ്ങിന്റേതായി പുറത്തുവന്ന ഇ-മെയില്‍ ആളുകളെ വിശ്വസിപ്പിക്കാന്‍ വേണ്ടിയല്ലെന്നും സര്‍ക്കാരിന്റെ ശക്തി കാണിച്ച് പേടിപ്പിക്കാന്‍ വേണ്ടിയാണെന്ന് ജര്‍മ്മര്‍ മാര്‍ഷല്‍ ഫണ്ട് അംഗം മരീകെ ഓല്‍ബെര്‍ഗ് പറഞ്ഞു. 

നാലു തവണ ഗ്രാന്‍ഡ് സ്ലാം കിരീടം ചൂടിയ നവോമി ഒസാക്ക പെങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞെട്ടലുണ്ടാക്കിയെന്ന് പറഞ്ഞു. ടെന്നീസ് മേഖലയില്‍നിന്നുള്ള ഒട്ടേറെ കളിക്കാന്‍ പെങ്ങിനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചു. ചൈനയുടെ ദേശീയ ടെന്നീസ് അസോസിയേഷനാകട്ടെ സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Content highlights: concern deepens for chinese tennis star peng shuais safety after email on sex assault