മാനന്തവാടി: ഷെൽട്ടർഹോം അന്തേവാസികളുടെ സന്തോഷങ്ങൾക്ക് നിറംപകർന്ന് കളക്ടർ എ. ഗീതയുടെ നൃത്തം. ഷെൽട്ടർഹോമിൽനിന്ന് കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലെ ‘ഘനശ്യാമ വൃന്ദാരണ്യം രാസകേളി നാദം’ എന്ന ഗാനത്തിന് കളക്ടർ ചുവടുവെച്ചതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. പാറത്തോട്ടം വികസനസമിതിയുടെ മാനന്തവാടി ശാന്തിനഗറിലെ ഷെൽട്ടർഹോമിലെ റെജീനയുടെ വിവാഹത്തലേന്ന് എത്തിയതായിരുന്നു കളക്ടർ. കലാപരിപാടികളിൽ കളക്ടറും പങ്കെടുത്തപ്പോൾ ആഘോഷം കളറായി.

മൂന്നുമണിക്കൂറാണ് കളക്ടർ അന്തേവാസികൾക്കൊപ്പം സന്തോഷം പങ്കിട്ടത്. കുട്ടികളുടെ കലാപരിപാടികൾ ആസ്വദിച്ച കളക്ടർ മുമ്പ് താൻ നൃത്തം ചെയ്തിരുന്നതിനെക്കുറിച്ചൊക്കെയും കുട്ടികളുമായി പങ്കുവെച്ചു. ഇതോടെ കളക്ടർ നൃത്തമാടണമെന്നായി കുട്ടികൾ. സെമിക്ലാസിക്കൽ നൃത്തവുമായി കളക്ടർ എത്തിയപ്പോൾ നിറഞ്ഞ കൈയടി.

വധു റെജീനയ്ക്ക് വസ്ത്രങ്ങളും മറ്റുള്ളവർക്ക് മധുരപലഹാരങ്ങളും നൽകിയാണ് കളക്ടറും സംഘവും മടങ്ങിയത്. മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, കൗൺസിലർ പി. ഷംസുദ്ദീൻ, സബ്ജഡ്ജ് കെ. രാജേഷ്, എ.ഡി.എം. എൻ.ഐ. ഷാജു തുടങ്ങിയയവരും ഒപ്പം ഉണ്ടായിരുന്നു.

തിങ്കളാഴ്ചയായിരുന്നു റെജീനയും തലപ്പുഴ പുതിയിടം സ്വദേശി വിനോയിയും തമ്മിലുള്ള വിവാഹം. ഷെൽട്ടർഹോമിലെ നാലാമത്തെ വിവാഹമാണിത്. കളക്ടർ ഉൾപ്പെടെയുള്ളവർ എത്തിയതിൽ വളരെ സന്തോഷമുണ്ടെന്ന് ഷെൽട്ടർഹോം ജനറൽസെക്രട്ടറി ബാബു വർഗീസ് പറഞ്ഞു. ഏഴു കുട്ടികളടക്കം 24 പേരാണ് നിലവിൽ ഷെൽട്ടറിലുള്ളത്.

Content Highlights: collector a geetha, viral dance, Wayanad District Collector A. Geetha