ലോകത്ത് ഉടനീളം കൊറോണ പടർന്നു പിടിച്ചതോടെ ധാരാളം ആളുകൾ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തികമായി തകർന്നവരും താമസസ്ഥലം നഷ്ടമായവരും ഒരുപാടുണ്ട്. എന്നാൽ അങ്ങനെയുള്ള സങ്കടങ്ങൾക്കിടയിൽ കഷ്ടപ്പാടുകൾ നേരിടുന്നവർക്ക് കൈത്താങ്ങാവുന്നവരുടെ കഥകളും ധാരാളം കേട്ടിരുന്നു. അത്തരമൊരു സംഭവമാണ് ഇപ്പോൾ റെഡിറ്റിൽ വൈറലാകുന്നത്.

ന്യൂയോർക്കിലെ സമ്പന്നമായ ഒരു അപ്പാർട്ടുമെന്റിലെ ജോലിക്കാരിയായിരുന്ന സ്ത്രീക്ക് ആ കെട്ടിടത്തിലെ തന്നെ ഏറ്റവും വിലപിടുപ്പുള്ള ഒരു വമ്പൻ അപ്പാർട്ട്മെന്റ് സമ്മാനിച്ച ഉടമസ്ഥരുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. റോസ എന്ന യുവതിയാണ് ആ ഭാഗ്യവതി.

20 വർഷമായി റോസ ഈ അപ്പാർട്ട്മെന്റിൽ ക്ലീനറായി ജോലി ചെയ്യുകയാണ്. കോവിഡ് സമയത്ത് അവൾക്ക് ജോലി നഷ്ടമായി. എന്നാൽ ഈ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ആളുകൾ റോസയെ വളരെയധികം സ്നേഹിക്കുന്നുവെന്നും അവർക്കായി എന്തെങ്കിലും ചെയ്യാൻ അവർ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നുണ്ട്.

റോസയ്ക്ക് ഒരു വലിയ സർപ്രൈസാണ് ഉടമസ്ഥർ ഒരുക്കിയത്. വീട് വൃത്തിയാക്കാനെന്ന പേരിലാണ് ഇവരെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയത്. നാല് മുറികളും മൂന്ന് ബാത്ത്റൂമുകളും ഒരു ടെറസുമുള്ള മനോഹരമായ അപ്പാർട്ട്മെന്റ് റോസ് ചുറ്റി കാണാൻ ആരംഭിച്ചു. വീട് ചുറ്റിക്കണ്ട് തിരിച്ച് വന്ന റോസയോട് അടുത്ത രണ്ട് വർഷത്തേക്ക് ഈ വീട് റോസക്ക് ഉപയോഗിക്കാമെന്ന് ഉടമസ്ഥർ പറയുകയായിരുന്നു.

രേഖയിൽ ഒപ്പിട്ട് താക്കോൽ എടുക്കുകയല്ലാതെ ഒരു രുപ പോലും നൽകേണ്ടതില്ലെന്നും ഉടമസ്ഥർ 20 വർഷമായി വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ച കെട്ടിടത്തിലെ ആളുകളിൽ നിന്നുള്ള നന്ദിയുടെ ഒരു അടയാളം മാത്രമാണിതെന്നും ഉടമസ്ഥർ റോസയോട് പറയുന്നത് വീഡിയോയിൽ കാണാം. റോസ അവിടെ ഉണ്ടായിരുന്നവർക്ക് നന്ദി പറയുമ്പോൾ സന്തോഷം കൊണ്ട് കരയുന്നതും വീഡിയോയിലുണ്ട്.

Content Highlights:Cleaner Who Served Apartment Building for 2 Decades Gifted Penthouse