കോവിഡ്കാലത്ത് സുപ്രീംകോടതി സ്വീകരിച്ച നടപടികളെ പ്രകീർത്തിച്ച് കത്തയച്ച മലയാളിപ്പെൺകുട്ടിക്ക് ആശംസയറിയിച്ച് ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ മറുപടി. തൃശ്ശൂർ കേന്ദ്രീയവിദ്യാലയത്തിലെ അഞ്ചാംക്ലാസുകാരി ലിഡ്വിന ജോസഫിനാണ് മറുപടിക്കത്ത് ലഭിച്ചത്. ആശംസയ്ക്കൊപ്പം സ്വന്തം കൈയൊപ്പ് ചാർത്തിയ ഭരണഘടനയുടെ പതിപ്പും അദ്ദേഹം അയച്ചുകൊടുത്തു.

കഴിഞ്ഞമാസം അവസാനത്തോടെയാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലേക്ക് ലിഡ്വിനയുടെ കത്തെത്തിയത്. ജഡ്ജി മേശപ്പുറത്തടിക്കുന്ന ചുറ്റിക കൊണ്ട് കൊറോണ വൈറസിനെ ഇടിക്കുന്ന ചിത്രവും കത്തിലുണ്ടായിരുന്നു.

സാധാരണ ജനങ്ങൾ കോവിഡ് ബാധിച്ച് മരിക്കുമ്പോൾ ഓക്സിജൻ നൽകി ജീവൻ രക്ഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത് പത്രത്തിൽ വായിച്ചതായി ലിഡ്വിനയുടെ കത്തിൽ പറഞ്ഞു.

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സുപ്രീംകോടതി കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചതിന് നന്ദിയും സന്തോഷവും അഭിമാനവുമുണ്ടെന്നും എഴുതി.

ജഡ്ജി ജോലി ചെയ്യുന്നതിന്റെ ഹൃദയസ്പർശിയായ ചിത്രം സഹിതം മനോഹരമായ കത്ത് ലഭിച്ചതായി ചീഫ് ജസ്റ്റിസ് തന്റെ മറുപടിയിൽ പറഞ്ഞു.

രാജ്യത്ത് നടക്കുന്ന കാര്യങ്ങളിൽ ലിഡ്വിന ശ്രദ്ധപുലർത്തുന്നതും മഹാമാരിക്കാലത്ത് ജനങ്ങളുടെ ക്ഷേമത്തിൽ താത്‌പര്യം കാണിക്കുന്നതും മതിപ്പുളവാക്കുന്നതാണ്. രാഷ്ട്രനിർമാണത്തിനായി വലിയ സംഭാവനകൾ നൽകുന്ന ഉത്തരവാദിത്വമുള്ള പൗരയായി ലിഡ്വിന വളരുമെന്ന് തനിക്കുറപ്പുണ്ടെന്നും ജസ്റ്റിസ് രമണ എഴുതി.

പപ്പാ... എനിക്ക് ചീഫ് ജസ്റ്റിസിനെ അഭിനന്ദിക്കണം

മൂന്നാഴ്ച മുമ്പ് പുല്ലഴി കുറ്റിക്കാട്ട് ഹൗസിൽ ജോസഫ് കെ. ഫ്രാൻസിസ് പോസ്റ്റോഫീസിലേക്ക് പതിവുപോലെ ജോലിക്കിറങ്ങുമ്പോൾ ഇളയ മകൾ ലിഡ്വിന പറഞ്ഞു. ‘ പപ്പാ, എനിക്ക് ചീഫ് ജസ്റ്റീസിനെ ഒന്ന് അഭിനന്ദിക്കണം.’ അഞ്ചാം ക്ലാസുകാരിയായ മകൾ എന്താ ഇങ്ങനെ പറയുന്നത് എന്ന് അദ്ദേഹം അമ്പരന്നു. ഡൽഹിയിൽ ഓക്സിജൻ കിട്ടാതെ ആളുകൾ മരിച്ചുവീഴുന്നതും മൃതദേഹങ്ങൾ കൂട്ടിയിട്ട് ദഹിപ്പിച്ചതും ഒക്കെ സുപ്രീം കോടതി ഇടപെട്ട് നിയന്ത്രിച്ചതായിരുന്നു ആ കുഞ്ഞു മനസ്സിനെ സ്വാധീനിച്ചത്. ഒരു ജഡ്ജിയുടെ ചിത്രം വരയ്ക്കാനും ചീഫ് ജസ്റ്റിസിന് ഒരു അനുമോദനക്കത്ത് എഴുതി വെക്കാനും പറഞ്ഞ് ജോസഫ് അന്ന് ജോലിക്കുപോയി.

മൂന്നാം ദിവസം ലിഡ്വിന കത്തും ചിത്രവും നൽകി. ഫോൺ നമ്പരും വെച്ച് സ്പീഡ് പോസ്റ്റിൽ അയച്ചു. ഏഴു ദിവസം മുമ്പ് ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോൺ വന്നു. ചൊവ്വാഴ്ച മറുപടിയും ഉപഹാരവും വീട്ടിലെത്തി.’ എന്നെപ്പോലെ ഒരാളുടെ അഭിപ്രായത്തിന് ചെവികൊടുത്ത ചീഫ് ജസ്റ്റിസിന്റെ മനസ്സിന് നന്ദി. സമൂഹത്തിൽ മോശം കാര്യങ്ങൾ കണ്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചിരുന്നു. കോടതി ഇടപെട്ടപ്പോൾ സന്തോഷവും. കുട്ടികളുടെ പ്രതിനിധിയായിട്ടല്ല, ഒരു പൗര എന്ന നിലയിലാണ് ഞാൻ കത്തെഴുതിയത്’ . -എന്നായിരുന്നു ലിഡ്വിനയുടെ പ്രതികരണം

വായുസേനയിൽനിന്ന് വിരമിച്ചശേഷമാണ് ജോസഫ് തപാൽവകുപ്പിൽ ചേർന്നത്. ലിഡ്വിനയുടെ അമ്മ ബിൻസി , തൃശ്ശൂർ സേക്രഡ്ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയാണ്. വിദ്യാർഥിനികളായ ഇസബെൽ, കാതറിൻ എന്നിവർ ചേച്ചിമാർ.

Content Highlights:Class 5 Girl Writes to CJI Ramana Hailing SC’ s Steps Against Covid-19