ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഡല്‍ഹിയിലെ ആറുജില്ലകളില്‍ ഡി.സി.പി.മാരായി വനിതകള്‍. നിലവില്‍ മൂന്നുപേര്‍ ഡി.സി.പി. ചുമതല വഹിച്ചുവരവെയാണ് മൂന്നുപേരെക്കൂടി നിയമിച്ചു കൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടത്. 

എല്ലാവര്‍ക്കും തുല്യമായ അവസരം നല്‍കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സ്ത്രീ ആയാലും പുരുഷനായാലും ഓരേ പരീക്ഷകളാണ് അവര്‍ എഴുതുന്നത്. പരിശീലനത്തിലും വ്യത്യാസമില്ല. അന്ന് അസമത്വങ്ങളൊന്നുമില്ല. ഇപ്പോള്‍ ഒട്ടുമില്ല. എന്റെ പ്രതീക്ഷയ്‌ക്കൊത്ത് ജീവിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു-ഡല്‍ഹി സൗത്തില്‍ ഡി.സി.പി.യായി നിയമനം ലഭിച്ച ബെനിത മേരി ജെയ്കര്‍ പറഞ്ഞു.

2010 ഐ.പി.എസ്. ബാച്ച് ഉദ്യോഗസ്ഥയായ ജെയ്കര്‍ പത്തുവര്‍ഷത്തിലേറെയായി ഡല്‍ഹി പോലീസിന്റെ ഭാഗമാണ്. ഡല്‍ഹി സൗത്തിലായിരുന്നു പത്ത് വര്‍ഷം മുമ്പ് പ്രൊബേഷണറായി തുടക്കം. 2012-ലെ കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട അന്വേഷണസംഘത്തിലുണ്ടായിരുന്നു. ജില്ലയുമായി എനിക്ക് നല്ല പരിചയമുണ്ട്. ഡി.സി.പിയായി ചുമതലയേല്‍ക്കുമ്പോള്‍ പുതിയ വെല്ലുവിളികളുണ്ട്. പക്ഷേ, അത് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്-അവര്‍ പറഞ്ഞു.

ഡല്‍ഹി സൗത്ത്ഈസ്റ്റ് ജില്ലയുടെ ഡി.സി.പിയായി ഇഷ പാണ്ഡെയും ഡല്‍ഹി സെന്‍ട്രലിന്റെ ഡി.സി.പി.യായി ശ്വേത ചൗഹാനും ചുമതലയേല്‍ക്കും. 

ഡി.സി.പി.യുടെ ജോലി പുരുഷന്മാരുടെ മാത്രമായി തോന്നുന്നില്ല. സ്ത്രീകളായ ഉദ്യോഗസ്ഥരെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വേര്‍തിരിച്ചു കാണുന്നില്ലെന്നാണ് ഓഡര്‍ കൈയില്‍ കിട്ടിയപ്പോള്‍ എനിക്ക് തോന്നിയത്. പരിചയസമ്പത്തിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് നിയമനം. ആറുജില്ലകളെ വനിതകാളാണ് നയിക്കുന്നതെന്നത് അത്ഭുതപ്പെടുത്തുന്നു. തീരുമാനത്തെ പൊതുജനം അഭിനന്ദിക്കും-ശ്വേതാ ചൗഹാന്‍ പറഞ്ഞു.

ഐ.പി.എസ്. ഉദ്യോഗസ്ഥരായ ഉഷ രന്‍ഗനാനി നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലും ഉര്‍വിജ ഗോയല്‍ ഡല്‍ഹി വെസ്റ്റിലും പ്രിയങ്കാ കശ്യപ് ഡല്‍ഹി ഈസ്റ്റിലുമാണ് ഡി.സി.പി.മാര്‍.

Content highlights: cities delhi in a first six women ips officers are district dcps