ചൈനിയിലെ പ്രസിദ്ധമായ ഒരു ടീ ഷോപ്പ് സ്ത്രീകളോട് ക്ഷമ ചോദിക്കേണ്ടി വന്നു, കാരണം നിസ്സാരമല്ല. ചൈനയില്‍ എമ്പാടും ബ്രാഞ്ചുകളുള്ള ടീ ഷോപ്പ് അവരുടെ ചായ കപ്പുകളിലും ടീ ബാഗുകളിലും പുതിയതായി കൊണ്ടുവന്ന പരീക്ഷണമാണ് പുലിവാലു പിടിച്ചത്. 

ലൈംഗികച്ചുവയുള്ള വാക്യങ്ങള്‍ അച്ചടിച്ചവയായിരുന്നു പുതിയ കപ്പുകളും ടീ ബാഗുകളും. കടയ്‌ക്കെതിരെ വ്യാപക പ്രതിക്ഷേധമാണ് ഉയര്‍ന്നത്. ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്‌ബോയില്‍ കടയ്‌ക്കെതിരെ  ക്യാംപെയിനും നടന്നു. വളരെ മോശമായ വില്‍പന തന്ത്രമാണ് ഇതെന്നാണ് പലരും കുറിച്ചത്. 

സെക്‌സി ടീ, മോഡേണ്‍ ചൈന ടീ ഷോപ്പെന്ന ചൈനയിലെ പ്രസിദ്ധമായ ടീ ഷോപ്പിലാണ് 'the mouth says no but the body says yes,' and 'my dear, I want you.' തുടങ്ങിയ വരികള്‍ കുറിച്ച കപ്പുകളും ടീ ബാഗുകളും വിതരണം ചെയ്തത്. ചില കപ്പുകളില്‍ സ്ത്രീകളെ 'വലിയ വിലപേശല്‍' എന്ന രീതിയില്‍ ചിത്രീകരിച്ചിരുന്നു. ഇത്തരത്തിലുള്ള കപ്പുകള്‍ കണ്ട് കസ്റ്റമേഴ്‌സും ഞെട്ടിപ്പോയി. സ്ത്രീകളടക്കം നിരവധിപ്പേര്‍ ഷോപ്പിനെതിരെ തിരിയുകയും ചെയ്തു. 

അതോടെയാണ് ഇവര്‍ കപ്പുകളും ടീ ബാഗുകളും എല്ലാം പിന്‍വലിക്കുകയും സ്ത്രീകളോട് മാപ്പ് പറയുകയും ചെയ്തത്. ഇത്തരം വാക്യങ്ങള്‍ ഉപയോഗിച്ചതില്‍ ഞങ്ങളും നാണക്കേടുകൊണ്ട് തലകുനിക്കുകയാണെന്നും, ഞങ്ങളൊരിക്കലും സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വെബ്‌സൈറ്റില്‍ കുറിച്ചു. എന്നാല്‍ ഈ കപ്പുകള്‍ വാങ്ങാന്‍ കിട്ടുമോ എന്നായിരുന്നു പലരുടെയും അന്വേഷണമെന്നും അവ വിപണിയില്‍ ലഭ്യമല്ലെന്നും ഷാങ്ഹായ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: Chinese tea shop apologizes to women for cups and teabags sporting sexist slogans