ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുൻ ഉപ പ്രധാനമന്ത്രിയുമായ ഷാങ് ഗവോലിക്കെതിരേ ലൈംഗിക ആരോപണവുമായി ടെന്നീസ് ചാംപ്യന്‍ പെങ് ഷുയി. ചൈനയിലെ സാമൂഹിക മാധ്യമമായ വെബിബോയിലാണ് ഷുയി ലൈംഗിക ആരോപണം ഉന്നയിച്ചത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഗാവോലി തന്നെ നിര്‍ബന്ധിച്ചതായി കുറിപ്പില്‍ ഷുവായി ആരോപിച്ചു. ഷുവായിയുടെ ആരോപണം പുറത്ത് വന്ന് 30 മിനിറ്റുകള്‍ക്കുള്ളില്‍ പോസ്റ്റ് വിബിബോയില്‍ നിന്ന് അപ്രത്യക്ഷമായി. എല്ലാ സാമൂഹികമാധ്യമങ്ങളില്‍ നിന്നും സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള നീക്കം ചെയ്തു. വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് ചാംപ്യനാണ് പെങ് ഷുയി.

1600-ല്‍ പരം വാക്കുകളില്‍ ദീര്‍ഘമായ പോസ്റ്റിലാണ് ഷുവായി പാർട്ടിയിലെ പ്രബലനായ ഗവോലിക്കെതിരെ ആരോപണം ഉന്നയിച്ചത്.  ഗവോലിക്കുള്ള കത്തിന്റെ രൂപത്തിലാണ് പോസ്റ്റ്. പത്തുവര്‍ഷത്തോളം താനുമായി ഗവോലിക്ക് ബന്ധമുണ്ടായിരുന്നുവെന്നും തന്റെ ഹൃദയം 75-കാരനായ ഗാവോലിക്കു മുന്നില്‍ തുറന്നുവെച്ചതായും 35-കാരിയായ ഷുയി പറഞ്ഞു. 

എന്റെ അടുത്തേക്ക് നിങ്ങള്‍ എന്തിനാണ് വീണ്ടും വന്നത്, ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിങ്ങളുടെ വീട്ടിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടുപോകാനാണോ. അതേ, ഒരു തെളിവും എന്റെ പക്കല്‍ ഇല്ല. തെളിവുണ്ടാകുക എന്നത് അസാധ്യമായ കാര്യമാണ്. ഞാന്‍ എത്രമാത്രം വെറുക്കുന്നുവെന്ന് എനിക്ക് വിവരിക്കാനാകുന്നില്ല. ഇപ്പോഴും ഒരു മനുഷ്യനാണോയെന്ന് എത്രയോ തവണ ഞാന്‍ എന്നോടു തന്നെ ചോദിച്ചു. നടക്കുന്ന ഒരു ജഡമായിട്ടാണ് എനിക്ക് തോന്നുന്നത്. എല്ലാ ദിവസവും ഞാന്‍ അഭിനയിക്കുകയായിരുന്നു. ഏതാണ് യഥാര്‍ത്ഥ ഞാന്‍-ഷുയി ചോദിക്കുന്നു.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏഴംഗ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗമായിരുന്നു ഗവോലി.  2012 മുതല്‍ 2017 വരെയുള്ള ഷി ജിന്‍പിങ്ങിന്റെ ആദ്യ ഭരണകാലയളവിലാണിത്. 2018 വൈസ് പ്രീമിയറായാണ് ഗവോലി വിരമിച്ചത്. 

സെലബ്രിറ്റികള്‍ ഉള്‍പ്പടെയുള്ള ഉന്നതര്‍ക്കെതിരേ നേരത്തെയും #metoo ആരോപണങ്ങള്‍ പുറത്തുവന്നിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു ഉന്നതനെതിരേ ഇതാദ്യമാണ് ലൈംഗികാരോപണം ഉയരുന്നത്. 

Content highlights: china metoo peng shuai zhang gaoli metoo campaign sexual assault