വെള്ളത്തിനടിയില്‍ വച്ച് വിവാഹിതരാകുന്ന സംഭവങ്ങള്‍ അത്ര പുതിയതൊന്നുമല്ല. എന്നാല്‍ പരമ്പരാഗത രീതിയില്‍ വേഷങ്ങളണിഞ്ഞ്  മാലയിട്ട്, താലികെട്ടി കല്യാണം കഴിച്ചാലോ. ചെന്നൈ സ്വദേശികളായ വി. ചിന്നദുരൈയും എസ്. ശ്വേതയുമാണ് ഇങ്ങനെ പരമ്പരാഗത രീതിയില്‍ കടലിനടിയില്‍ വച്ച് താലി കെട്ടിയവര്‍. 

ചെന്നൈയില്‍ നീലാങ്കരൈ കടല്‍തീരത്ത് നിന്ന് നാല് കിലോമീറ്റര്‍ അകലെ അറുപതടി താഴ്ചയിലായിരുന്നു ഈ വ്യത്യസ്തമായ കല്യാണം. വെള്ളത്തിനടിയില്‍ ആണെങ്കിലും പരമ്പരാഗത രീതിയില്‍ വിവാഹം വേണമെന്ന് ഇരുകൂട്ടര്‍ക്കും നിര്‍ബന്ധമായിരുന്നു. പൂജാരിയുടെ നിര്‍ദേശമനുസരിച്ച് മുഹൂര്‍ത്തത്തില്‍ തന്നെ വെള്ളത്തിനടിയില്‍ നിന്ന് താലി കെട്ടി, ഇരുവരും പരസ്പരം വരണമാല്യം അണിയിച്ചു. ഏറ്റവും രസകരമായ കാര്യം പരമ്പരാഗത വസ്ത്രമായ സാരിയും വേഷ്ടിയുമായിരുന്നു ഇരുവരുടെയും വേഷം. 

വിവാഹത്തിന് മുമ്പായി വധുവായ ശ്വേത ഒരുമാസത്തെ സ്‌കൂബാ ഡൈവിങ് കോഴ്‌സ് പഠിക്കാനായി ചേര്‍ന്നിരുന്നു. വരന്‍ പന്ത്രണ്ട് വര്‍ഷമായി സ്‌കൂബാ ഡൈവറായി ജോലി ചെയ്യുകയാണ്. വരനായ ചിന്നദുരൈയാണ് വെള്ളത്തിനടിയില്‍ വച്ച് കല്യാണം നടത്താമെന്ന ആശയം മുന്നോട്ട് വച്ചത്. താലി കെട്ടിന് ശേഷം മറ്റ് ചടങ്ങുകള്‍ കരയില്‍ വച്ചു നടത്തുകയായിരുന്നു.

വിവാഹകുറിപ്പില്‍ ചടങ്ങുകള്‍ നടക്കുന്ന വേദി മാത്രം ഉള്‍പ്പെടുത്തിയിരുന്നില്ല. കടല്‍ ശാന്തമായിരുന്നാല്‍ മാത്രമേ ചടങ്ങ് ഇത്തരത്തില്‍ സംഘടിപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളു. അതുകൊണ്ട് അടുത്ത ബന്ധുക്കളെ പോലും അറിയിക്കാതെയാണ് ചടങ്ങ് നടത്തിയത്. പിന്നീട് അവര്‍ ബന്ധുക്കളെയെല്ലാം ഉള്‍പ്പെടുത്തി റിസപ്ഷന്‍ നടത്തുകയായിരുന്നു. 

Content Highlights: Chennai Couple Takes Wedding Underwater in Desi Costumes