ഷൊര്‍ണൂര്‍: സ്ത്രീസുരക്ഷയ്ക്കായി റെയില്‍വേ സ്റ്റഷനുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. പാലക്കാട് ഡിവിഷനില്‍ കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, , പാലക്കാട് സ്റ്റേഷനുകളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റെയില്‍വേ സുരക്ഷാസേനയുടെ പ്രത്യേകവിഭാഗം 24 മണിക്കൂറും നിരീക്ഷിക്കും. പ്ലാറ്റ്‌ഫോമുകളില്‍ ഒന്നിലധികം ക്യാമറകളുണ്ടാകും. 

ക്യാമറ സ്ഥാപിക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് തീവണ്ടികള്‍ സ്റ്റേഷന്‍ വിട്ടോ എന്നറിയാനും സാധിക്കും. ഇതിനായി ഇന്‍ഫര്‍മേഷന്‍ കൗണ്ടറിലും ഈ ക്യാമറകളിലെ ചിത്രങ്ങള്‍ എത്തുന്ന രീതിയില്‍ ക്രമീകരിക്കും. ഈറോഡ്, സേലം തുടങ്ങിയ സ്‌റ്റേഷനുകളില്‍ ഇത് നടപ്പാക്കിയിട്ടുണ്ട്. വലിയ സ്‌റ്റേഷനുകളില്‍ തീവണ്ടികള്‍ പുറപ്പെട്ടോ ഇല്ലയോ എന്നറിയാന്‍ നിലവില്‍ സംവിധാനമില്ല. ക്യാമറദൃശ്യം ടിക്കറ്റ് കൗണ്ടറിനടുത്ത് ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ കാണിക്കുന്നതിലൂടെ വണ്ടി പ്ലാറ്റ്‌ഫോമില്‍ ഉണ്ടെന്ന് യാത്രക്കാര്‍ക്ക് നേരിട്ട് മനസ്സിലാക്കാനുമാകും.