കാസര്‍കോട്: കണ്ണില്‍ നിറയുന്ന വെളിച്ചത്തിന്റെ തിളക്കം വാക്കുകളിലൂടെ പറഞ്ഞറിയിക്കാന്‍ കൃപയ്ക്ക് ആകില്ല. ആ മുഖത്ത് വിടര്‍ന്ന തെളിച്ചമായിരുന്നു അതിന്റെ ഉത്തരം. അത് കണ്ടറിഞ്ഞ അമ്മ കലാവതിയും അച്ഛന്‍ കൃഷ്ണ അമ്മണ്ണായുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ശബ്ദമില്ലാത്ത ലോകത്തെ സന്തോഷത്തിരയിളക്കം കണ്ട് തിമിരശസ്ത്രക്രിയ സൗജന്യമായി ചെയ്ത ഡോ. ശ്രീനി എടക്ലോനും ഒരുവേള കണ്ണുനിറഞ്ഞ് കണ്ഠമിടറി.

പണത്തിന്റെ പേരില്‍ ശസ്ത്രക്രിയാമുറിയിലെ മേശയില്‍നിന്ന് മടക്കിയയയ്ക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുമ്പഡാജെ പാവൂരിലെ കൃപയുടെ വലതുകണ്ണിന്റെ തിമിരശസ്ത്രക്രിയ ബുധനാഴ്ച നടന്നു. ജൂലായ് 28-ന് 'മാതൃഭൂമി' നല്‍കിയ 'കണ്ണില്ലാത്ത ക്രൂരത; ശസ്ത്രക്രിയാമേശയില്‍നിന്ന് തിരിച്ചയയ്ക്കപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത' എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കോംട്രസ്റ്റ് നേത്രാസ്പത്രിയിലെ ഡോ. ശ്രീനി താക്കോല്‍ദ്വാര ശസ്ത്രക്രിയ സൗജന്യമായി ചെയ്തത്. ശസ്ത്രക്രിയ സൗജന്യമായി ചെയ്യുന്നതിനുള്ള സൗകര്യം കാഞ്ഞങ്ങാട് മാവുങ്കാല്‍ മാംമ്സ് ആസ്പത്രിയും ഒരുക്കിക്കൊടുത്തു. ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ബോധംകെടുത്താതെയാണ് കൃപയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.

നടക്കാനും സംസാരിക്കാനും കഴിയാത്ത കൃപയ്ക്ക് കഴുത്ത് സദാസമയം ചലിക്കുന്ന പ്രശ്‌നവുമുണ്ട്. അതിനാലാണ് കാസര്‍കോട്ടുനിന്ന് ബോധംകെടുത്തിയുള്ള ശസ്ത്രക്രിയ്ക്ക് അവരെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് വിട്ടത്. ജൂലായ് 22-ന് രാവിലെ ഒന്‍പതരയ്ക്ക് ശസ്ത്രക്രിയ നിശ്ചയിച്ചു. 21-ന് രാവിലെ അനുബന്ധ പരിശോധനകള്‍ പൂര്‍ത്തിയാക്കി രാത്രി ഒന്‍പത് മണിയോടെ കൃപയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ശസ്ത്രക്രിയയ്ക്ക് പതിനഞ്ച് മിനിട്ട് മുമ്പ് ഡോക്ടര്‍ വിളിച്ച് ഇരുപത്തയ്യായിരം രൂപ കെട്ടിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സൗജന്യചികിത്സാക്കരാര്‍ ഒപ്പിട്ട ആസ്പത്രിയില്‍നിന്നാണ് കുടുംബത്തിന് ദുരനുഭവം ഉണ്ടായത്. അതോടെ സങ്കടം കടിച്ചമര്‍ത്തി ശസ്ത്രക്രിയ ഉപേക്ഷിച്ച് മകളോടൊപ്പം കലാവതി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

Content Highlights: Cataract surgery of endosulfan distressed grace