കോഴിക്കോട്: ''കഴിഞ്ഞ കുറച്ച് മാസങ്ങളായി ബി.എസ്.എന്‍.എലിന്റെ സേവനത്തില്‍ കടുത്ത നിരാശ തോന്നുന്നു. ലാന്‍ഡ് ലൈന്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഇത് തുടരുകയാണെങ്കില്‍ 1980 കാലംമുതല്‍ ഞങ്ങള്‍ക്കൊപ്പമുള്ള ഈ നമ്പറിന്റെ ഉപയോഗം നിര്‍ത്തേണ്ടതായി വരും''- പരാതിപ്പെട്ട് മനംമടുത്ത് വെള്ളിയാഴ്ച രാവിലെ പി.ടി. ഉഷ സാമൂഹികമാധ്യമങ്ങളില്‍ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരമായ ഉഷ, കഴിഞ്ഞ നാലുപതിറ്റാണ്ടായി ഉപയോഗിക്കുന്ന ഫോണ്‍ നമ്പറാണ് ബി.എസ്.എന്‍.എല്‍. സേവനം കൃത്യമായി കിട്ടുന്നില്ല എന്ന പരാതിയില്‍ ഉപേക്ഷിക്കാന്‍ ആലോചിച്ചത്.

ലോകത്തെ മികച്ച കായികതാരങ്ങളിലൊരാളായി നില്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങളും അറിഞ്ഞ, അറിയിച്ച, നാല് പതിറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഫോണാണിത് എന്ന വികാരംകൂടി ഈ പോസ്റ്റിന് പിന്നിലുണ്ടായിരുന്നു. മോസ്‌കോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനുമുമ്പായിരുന്നു തിക്കോടി പെരുമാള്‍പുരത്തെ പ്രദീപ് നിലയത്തില്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കുന്നത്. മേലടി 12 എന്ന നമ്പറായിരുന്നു അന്ന്. കായികചരിത്രമുറങ്ങുന്ന ഒരുപാട് ട്രങ്ക് കോളുകള്‍ വന്നിരുന്നത് ഈ ഫോണിലൂടെയായിരുന്നു.

സോള്‍, ബീജിങ്, ഹിരോഷിമ ഏഷ്യന്‍ ഗെയിംസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങളുടെ വിജയഫലങ്ങള്‍ക്കായും ലോസ്  ആഞ്ജലീസിൽവെച്ച് നിമിഷാര്‍ധത്തില്‍ തെന്നിമാറിയ ഒളിമ്പിക് മെഡലിന്റെ സങ്കടങ്ങളും ഉഷയുടെ വീട്ടുകാര്‍ അറിഞ്ഞതും ഇതേ ഫോണിലൂടെതന്നെ. 1984-ല്‍ ലോസ് ആഞ്ജലീസിൽ നിന്ന് തിരിച്ചെത്തിയ ഉഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഈ ഫോണിലേക്ക് എസ്.ടി.ഡി. കണക്ഷന്‍ അനുവദിച്ചു. പയ്യോളി എക്‌സ്ചേഞ്ചില്‍ അന്ന് എസ്.ടി.ഡി. സംവിധാനം ഇല്ലാത്തതിനാല്‍ 14 കിലോമീറ്റര്‍ അപ്പുറം വടകരയില്‍നിന്ന് പി.ടി. ഉഷയുടെ വീട്ടിലേക്ക് സ്‌പെഷ്യല്‍ ലൈന്‍ വലിച്ചാണ് സംവിധാനം ഉറപ്പാക്കിയത്. 2480 എന്ന നമ്പറായിരുന്നു അത്. ഈ കണക്ഷന്‍ കിട്ടിയതിന്റെ അധികദിവസം കഴിയുന്നതിനുമുമ്പേ ഉഷയുടെ വീട് ഒരു ടെലിഫോണ്‍ ബൂത്തുപോലെയായി മാറി. വിദേശങ്ങളിലുള്ളവര്‍ക്ക് നാട്ടിലുള്ളവരെ വിളിക്കാന്‍ ഏതാണ്ട് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏക ഫോണായിരുന്നു അത്. പിന്നീടുള്ള നാലഞ്ചുവര്‍ഷം രാവിലെ മുതല്‍ രാത്രിവരെ വീടിന് മുന്നില്‍ ഫോണ്‍ വിളിക്കാനെത്തുന്നവരുടെ കൂട്ടം പതിവായി മാറുകയായിരുന്നു.

''കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇടയ്ക്കിടെ ടെലിഫോണിന് തകരാറുകള്‍ സംഭവിക്കുന്നു. ബി.എസ്.എന്‍.എല്‍. അധികൃതരെ പലവട്ടം പരാതി അറിയിച്ചിട്ടും ഒരു മാറ്റവുമുണ്ടായില്ല. ജീവിതവുമായി ഏറെ ചേര്‍ന്നിരിക്കുന്നതിനാലും ഒട്ടേറെ ഓര്‍മകളുള്ളതിനാലും കണക്ഷന്‍ ഉപേക്ഷിക്കാന്‍ വലിയ വിഷമവുമായിരുന്നു''-പി.ടി. ഉഷ പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ പലയിടങ്ങളില്‍നിന്നും വന്ന സമ്മര്‍ദത്തിന്റെ ഫലമായി അധികൃതരെത്തി ഫോണ്‍ കണക്ഷന്‍ ശരിയാക്കിക്കൊടുത്ത് പരാതി പരിഹരിച്ചു.

കണക്ഷന്‍ നന്നാക്കിക്കൊടുത്തു കഴിഞ്ഞു. പഴയ കണക്ഷന്‍ ആയതിനാലാണ് ഇടയ്ക്കിടെ പ്രശ്‌നം വരുന്നത്. മുന്‍ പരാതികളില്‍ എന്താണ് നടപടികള്‍ എടുക്കാത്തതെന്ന് പരിശോധിക്കും

- ബി.എസ്.എന്‍.എല്‍. അധികൃതര്‍

Content Highlights:  BSNL resolved telephone connection issues following a complaint lodged by PT Usha