സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ​ഗാർഹിക പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയുമൊക്കെ വാർത്തകൾ കൂടിക്കൊണ്ടിരിക്കുകയാണ്. പെൺമക്കളെ വിവാഹദിനത്തിൽ പൊന്നളന്ന് ഒരുക്കുന്നത് അന്തസ്സാണെന്ന് കരുതുന്ന മാതാപിതാക്കൾ ഇന്നുമുണ്ട്. ശരീരം മുഴുവൻ പൊന്നണിഞ്ഞ് വിവാഹദിനത്തിൽ കടന്നുവരുന്ന വധുക്കളെയും കാണാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നതും പൊന്നിന്റെ ഭാരത്താൽ‌ തളർന്ന ഒരു വധുവിന്റെ ചിത്രങ്ങളാണ്. ഇവിടെ സ്വർണം നൽകിയത് ഭർതൃവീട്ടുകാരാണെന്നു മാത്രം. 

ചൈനയിൽ നിന്നാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. വരന്റെ വീട്ടുകാർ സമ്മാനിച്ച 60 കിലോയോളം വരുന്ന സ്വർണം അണിഞ്ഞിരിക്കുന്ന വധുവാണ് ചിത്രങ്ങളിലുള്ളത്. സെപ്തംബർ മുപ്പതിന് ഹുബെയ് പ്രവിശ്യയിൽ നടന്ന വിവാഹം അങ്ങനെ വൈറലാവുകയും ചെയ്തു. 

അറുപതോളം സ്വർണ നെക്ലസുകളാണ് വരന്റ വീട്ടുകാർ വധുവിന് സമ്മാനിച്ചത്. ഓരോന്നിനും ഓരോ കിലോയോളമാണ് ഭാരമെന്ന് ട്രിബ്യൂൺ സോളോ റിപ്പോർട്ട് ചെയ്യുന്നു. നെക്ലസുകളെ കൂടാതെ ഇരുകൈകളിലും വണ്ണമുള്ള രണ്ടു വളകളും വധു അണിഞ്ഞിരിക്കുന്നതു കാണാം. 

വരന്റെ സമ്പത്തിന്റെ അളവുകോൽ തെളിയിക്കുകയായിരുന്നുൂ വിവാഹ സമ്മാനത്തിലൂടെ എങ്കിലും കാഴ്ചക്കാരിൽ പലരെയും അസ്വസ്ഥരാക്കുന്ന അവസ്ഥയായിരുന്നു വധുവിന്റേത് എന്നും റിപ്പോർട്ടിൽ പറയുന്നു. ഭാരമേറിയ സ്വർണം ധരിച്ച് നേരാംവണ്ണം നിവർന്നു നടക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു വധുവിന്റേത് എന്നാണ് പറയപ്പെടുന്നത്. 

Content Highlights: Bride wears 60 kg gold gifted by husband on wedding