ടെന്നിസി : വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വരന് നേരെ തോക്കുചൂണ്ടിയ വധു അറസ്റ്റിലായി. അമേരിക്കയിലെ ടെന്നിസിയില്‍ വെച്ച് നടന്ന കെയ്റ്റ് പ്രിച്ചാഡ്- ജെയിംസ് ബര്‍ട്ടണ്‍സ് എന്നിവരുടെ വിവാഹത്തിനിടയിലാണ് അതിഥികളെ ഞെട്ടിച്ചുകൊണ്ട് അത്യധികം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.  

വിവാഹത്തിന് ശേഷം മദ്യപിച്ച വരനും വധുവും സംസാരിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ഇതേ തുടര്‍ന്ന് വധു വിവാഹവസ്ത്രത്തിനുള്ളില്‍ നിന്ന് തോക്കെടുത്ത് വരന് നേരെ ചൂണ്ടി. ഭാഗ്യത്തിന് തോക്ക് ലോഡ് ചെയ്തിരുന്നില്ല. എന്നാല്‍ ഉടന്‍തന്നെ തോക്ക് ലോഡുചെയ്ത വധു ശൂന്യതയിലേക്ക് വെടിയുതിര്‍ത്തു. ഇതോടെ വിവാഹത്തിനെത്തിയ അതിഥികള്‍ ഭയചകിതരായി ഓടി.

kate

വിവരമറിഞ്ഞ് പോലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും വരനും വധുവും അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ആളില്‍ നിന്നാണ് പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. 

സംഭവത്തെ തുടര്‍ന്ന് ബാത്ത്‌റൂമില്‍ ഉപേക്ഷിച്ച തോക്ക് പോലീസ് പിന്നീട് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത കെയ്റ്റിനെ 15,000 ഡോളര്‍ ബോണ്ടില്‍ പിന്നീട് വിട്ടയച്ചു.