മ്യൂസിയത്തിലിരുന്ന് മകനെ മുലയൂട്ടിയ അമ്മയോട് മാറിടം മറയ്ക്കാന്‍ മ്യൂസിയം അധികൃതരുടെ നിര്‍ദേശം.ലണ്ടനിലാണ് സംഭവം നടന്നത്. ലോകമാകെ മുലയൂട്ടല്‍ വാരാചരണം ആഘോഷമാക്കിയതിനു തൊട്ടുപിന്നാലെയാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്‌സ് മ്യൂസിയത്തിന്റെ നടുമുറ്റത്തിരുന്ന് ഒന്നരവയസ്സുകാരന്‍ മകനെ മുലയൂട്ടുകയായിരുന്ന യുവതിയോടാണ് മാറിടം മറയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെ യുവതി ഇക്കാര്യം ലോകത്തെ അറിയിക്കുകയായിരുന്നു.

അതോടൊപ്പം മ്യൂസിയത്തിലെ ചില ശില്‍പങ്ങളുടെ ഫോട്ടോയും അവര്‍ പോസ്റ്റ് ചെയ്തു. അവയെല്ലാം നഗ്നമായ മാറിടങ്ങളോട് കൂടിയതായിരുന്നു.മ്യൂസിയം അധികൃതരുടെ ഇരട്ടത്താപ്പല്ലേ ഇതിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു യുവതിയുടെ ചോദ്യം.

ട്വിറ്റര്‍ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ഏറെപ്പേരും യുവതിയെ പിന്തുണച്ചപ്പോള്‍ ചിലര്‍ പ്രതികരിച്ചത് പൊതു ഇടങ്ങളില്‍ കുട്ടിക്ക് കുപ്പിപ്പാല്‍ നല്കിക്കൂടേ എന്നായിരുന്നു! യുവതിയോട് മാറിടം മറയ്ക്കാന്‍ ആവശ്യപ്പെട്ടത് വനിതാ ജീവനക്കാരി ആയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

സംഭവം വിവാദമായതോടെ യുവതിയോട് ക്ഷമ പറഞ്ഞ് മ്യൂസിയം ഡയറക്ടര്‍ രംഗത്തെത്തി. മ്യൂസിയത്തില്‍ എവിടെയിരുന്ന് വേണമെങ്കിലും കുഞ്ഞുങ്ങളെ മുലയൂട്ടാമെന്നും സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നു എന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.