കൈക്കുഞ്ഞുമായി പാർലമെന്റ് അം​ഗങ്ങൾ സഭയിൽ പ്രവേശിക്കുന്നതിനെ വിലക്കുന്ന നിയമം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ ലേബർ പാർട്ടി എംപി സ്റ്റെല്ല ക്രീസി. നവജാതശിശുവുമായി പാർലമെന്റിൽ സംവാദത്തിൽ പങ്കെടുത്തതിന്റെ പേരിൽ ശാസന നേരിട്ടതിനു പിന്നാലെയാണ് സ്റ്റെല്ലയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് സ്റ്റെല്ല സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കത്ത് ചർ‌ച്ചയാവുകയും വിഷയത്തിൽ സാമൂഹിക മാധ്യമങ്ങൾക്ക് അകത്തും പുറത്തും സംവാദങ്ങൾ ചൂടുപിടിക്കുകയുമാണ്. 

ചൊവ്വാഴ്ചയാണ് മൂന്നുമാസം പ്രായമുള്ള കുഞ്ഞുമായി സ്റ്റെല്ല പാർലമെന്റിലെത്തിയത്. എന്നാൽ കുഞ്ഞുമായി സംവാദത്തിൽ വന്നത് ശരിയായില്ലെന്നും അത് പാർലമെന്റ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കാണിച്ച് ജനസഭാം​ഗം സ്റ്റെല്ലയെ വിമർശിച്ചിരുന്നു. കൺസ്യൂമർ ക്രെഡിറ്റ് സ്കീമുകൾ സംബന്ധിച്ച സംവാദത്തിൽ പങ്കെടുക്കാനാണ് സ്റ്റെല്ല കുഞ്ഞുമായി എത്തിയത്. നെഞ്ചോട് ചേർത്തു വച്ച കുഞ്ഞിന്റെ പേരിൽ വിവാദങ്ങൾ ഉടലെടുത്തതോടെ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് സ്റ്റെല്ല. 

പ്രശ്നക്കാരനല്ലാത്ത ഉറങ്ങിക്കൊണ്ടിരിക്കുന്ന എന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ചേംബറിൽ വരുമ്പോൾ എടുക്കരുതെന്ന് പാർലമെന്റ് ചട്ടം കെട്ടിയിരിക്കുന്നു. എല്ലാ പാർലമെന്റുകളുടെയും മാതാവായ ഈ പാർലമെന്റിലെ അമ്മമാരാരും ഈ വിഷയം കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് തോന്നുന്നു- എന്നു പറഞ്ഞാണ് സ്റ്റെല്ല തനിക്ക് അധികൃതർ അയച്ച കത്ത് പങ്കുവെച്ചത്. ഈ വിഷയം ചൂണ്ടിക്കാട്ടിയ അധികൃതർ മാസ്ക് ധരിക്കുന്നതു സംബന്ധിച്ച് പാർലമെന്റിൽ നിയമമൊന്നും പുറപ്പെടുവിക്കാത്തതിനെക്കുറിച്ചും സ്റ്റെല്ല വിമർശിക്കുന്നുണ്ട്. 

കുഞ്ഞുമായി വരുന്നു എന്നതിനർ‌ഥം തന്റെ തലച്ചോറോ കഴിവോ കൈവിട്ടുവെന്നല്ല. പാർലമെന്റിൽ കൂടുതൽ അമ്മമാർ ഇരിക്കുന്നതിലൂടെ രാഷ്ട്രീയവും നയങ്ങളും കൂടുതൽ മെച്ചപ്പെടുമെന്നും സ്റ്റെല്ല പറഞ്ഞു. 

മുലയൂട്ടുന്നതിനാലാണ് കുഞ്ഞിനെയും കൊണ്ട് പാർലമെന്റിൽ വന്നതെന്ന് സ്റ്റെല്ല പറഞ്ഞു. മുമ്പും തന്റെ മറ്റു രണ്ടു മക്കളെ ഇപ്രകാരം കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ മാത്രമാണ് വിഷയം വിവാദമായത്.  വിഷയം പരിശോധിച്ച് വേണ്ട നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ലിൻഡ്സേ ഹോയ്ലി എംപിമാരുടെ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ചട്ടങ്ങൾ സന്ദർഭ​ങ്ങൾക്കനുസരിച്ച് നിർമിക്കുന്നതാണെന്നും അത് കാലത്തിനൊപ്പം മാറേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

കുട്ടികളോടൊപ്പം വരുന്ന അം​ഗങ്ങൾ ഹൗസ് ഓഫ് കോമൺസിലും വെസ്റ്റ് മിനിസ്റ്റർ ഹാളിലും ഇരിക്കരുതെന്ന ചട്ടം ഇക്കഴിഞ്ഞ സെപ്തംബറിലാണ് പരിഷ്കരിച്ചത്. കുഞ്ഞുമായാണ് വരുന്നതെങ്കിൽ ചേംബറിൽ ഇരിക്കരുതെന്നാണ് ചട്ടത്തിലുള്ളത്. ഈ റൂൾബുക് പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും സ്റ്റെല്ല ആവശ്യപ്പെടുന്നുണ്ട്. 

കൺസർവേറ്റീവ് പാർട്ടി മെമ്പറും ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററുമായി ഡൊമിനിക് റാബ് വിഷയത്തിൽ സ്റ്റെല്ലയ്ക്ക് പിന്തുണയുമായെത്തി. സ്റ്റെല്ലയോട് സഹതാപം തോന്നുന്നുവെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആവശ്യമെങ്കിൽ കുടുംബത്തിനൊപ്പം ജോലി ചെയ്യുന്നതിനെ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററി അധികാരികളാണ് ചട്ടം സംബന്ധിച്ച വിഷയങ്ങളിൽ നിലപാട് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ മുതൽ അമ്മമാരുടെ അവകാശങ്ങൾക്കു വേണ്ടി നിരന്തരം പോരാടുന്ന വ്യക്തിത്തവമാണ് സ്റ്റെല്ല ക്രീസി. ധാരാളം സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് കടന്നു വരേണ്ടതുണ്ടെന്നും മാതൃത്വവും പ്രൊഫഷനും ഒരുപോലെ കൊണ്ടുപോകാൻ സമൂ​ഹവും വഴിയൊരുക്കേണ്ടതുണ്ടെന്നും സ്റ്റെല്ല പറഞ്ഞിരുന്നു. 

Content Highlights: breastfeeding british mp stella creasy, bringing baby to parliament, maternity leave, mother rights