കൊറോണക്കും സ്‌പേസ് യാത്രയ്ക്കും തമ്മില്‍ ഒരു പൊതു ബന്ധമുണ്ട്. എന്താണന്നല്ലേ.. കൃത്യമായ സുരക്ഷാവസ്ത്രങ്ങളണിഞ്ഞില്ലെങ്കില്‍ ആരോഗ്യം അപകടത്തിലാകും.  ബ്രസീലിയന്‍ ദമ്പതികളായ ടെറികോ ഗാല്‍ഡിനോയും അലീസിയ ലിമയും ബഹിരാകാശ വസ്ത്രം തന്നെയണിഞ്ഞു ബീച്ചിലൂടെ നടന്നത് കൊറോണ വൈറസ് ബാധയില്‍ നിന്ന് രക്ഷ നേടാനാണ്‌. 

ശനിയാഴ്ചയാണ് ഇരുവരും കാഴ്ചക്കാരില്‍ ചിരിയുണര്‍ത്തും വിധം ഇത്തരത്തില്‍ വസ്ത്രം ധരിച്ച് നടക്കാനിറങ്ങിയത്. റിയോ ഡി ജനീറോയിലെ ഒരു ബീച്ച് നടപ്പാതയിലായിരുന്നു രസകരമായ ഈ കാഴ്ച. 

66 കാരനായ ഗാല്‍ഡിനോ സ്യൂട്ടുകള്‍ പ്രത്യേകമായി വാങ്ങുകയായിരുന്നു. എന്നാല്‍ ഹെല്‍മറ്റ്  ലഭിക്കാത്തതിനാല്‍ അയാള്‍ തനിക്കും ഭാര്യയ്ക്കുമുള്ള ഹെല്‍മറ്റ് സ്വന്തമായി ഉണ്ടാക്കി. 

65 കാരിയായ അലീസിയക്ക് ആദ്യം ഈ സ്യൂട്ട് അണിയാന്‍ അല്‍പസ്വല്‍പം നാണക്കേടൊക്കെ തോന്നിയിരുന്നു. പിന്നീട് അഡ്വഞ്ചര്‍ ഇന്‍ സ്ട്രീറ്റ്‌സ് എന്ന ഭര്‍ത്താവിന്റെ ഐഡിയയോട് അവരും യോജിക്കുകയായിരുന്നു. അമേരിക്ക കഴിഞ്ഞാല്‍ കൊറോണ ബാധിച്ചു മരിച്ചവരില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീലിന്റെ സ്ഥാനം.   

Content Highlights: Brazil couple wear astronaut suits to fight pandemic