''നിക്ക് എന്റെ കണ്ണ് നഷ്ടമായതുപോലെയാണ് തോന്നുന്നത്, ഡി​ഗ്രി കാലം മുതൽക്കുള്ള പഠനസാമ​ഗ്രികൾ ഉണ്ടായിരുന്ന ലാപ്ടോപ് ആയിരുന്നു അത്.''- നിസ്സഹായതയോടെ പങ്കുവെക്കുകയാണ് സായൂജ്യ എന്ന ​ഗവേഷക വിദ്യാർഥിനി. കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ കാഴ്ചപരിമിതിയുള്ള ​ഗവേഷക വിദ്യാർഥിനിയാണ് സായൂജ്യ. പഠന റിപ്പോർട്ടുകൾ അടങ്ങിയ ലാപ്ടോപ് ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് മോഷണം പോയത്. നഷ്ടമായ ലാപ്ടോപ്പിനെക്കുറിച്ച് ഇതുവരെയും വിവരം ലഭിക്കാത്ത സാഹചര്യത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു സായൂജ്യ. ഇപ്പോഴിതാ ലാപ്ടോപ്പില്ലാതെ മുന്നോട്ടുള്ള പഠനത്തിന് പ്രതിസന്ധി നേരിട്ടതിനെക്കുറിച്ച് മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് തൃശ്ശൂർ സ്വദേശിനിയായ സായൂജ്യ.

സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ പോയതായിരുന്നു. കാറിന്റെ പിൻസീറ്റിൽ വിൻ‍ഡോ സൈ‍ഡിലാണ് ലാപ്ടോപ് വച്ചിരുന്നത്. തിരികെ എത്തിയപ്പോഴാണ് ലാപ്ടോപ് നഷ്ടമായതായി തിരിച്ചറിയുന്നത്. അന്നുതന്നെ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി മെയിൽ ചെയ്തിരുന്നു. കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് പോസ്റ്റ് പങ്കുവെക്കാൻ തീരുമാനിച്ചതെന്ന് സായൂജ്യ പറയുന്നു.

വൈകുന്നേരം അഞ്ചരയ്ക്കാണ് ബീച്ചിൽ പോയത്. ഏഴുമണിയോടെ തിരികെ എത്തുകയും ചെയ്തു. ഇം​ഗ്ലീഷ് ലിറ്ററേച്ചറിൽ രണ്ടാം വർഷം ​ഗവേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. റിസർച്ചുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങളെല്ലാം ലാപ്ടോപ്പിലാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെപ്പോലെ എല്ലാ പുസ്തകങ്ങളും വായിച്ച് പഠിക്കാനും കഴിയില്ലല്ലോ. കാഴ്ച പരിമിതിയുള്ളവർക്കുള്ള സോഫ്റ്റ് വെയറുകളും മറ്റും ഡൗൺലോഡ് ചെയ്താണ് പഠിച്ചിരുന്നത്. ഡി​ഗ്രി തൊട്ടുള്ള പല പിഡിഎഫുകളും  വിവരങ്ങളും അതിൽ ശേഖരിച്ചിരുന്നു. ഇപ്പോഴാണ് ശരിക്കും കാഴ്ച നഷ്ടപ്പെട്ടതുപോലെ തോന്നുന്നത്. ലാപ്ടോപ് അല്ല ശരിക്കും എന്റെ കണ്ണാണ് നഷ്ടമായത് - സായൂജ്യ പറയുന്നു.

sayoojya

കണ്ണിന്റെ എല്ലാ ബലവും നൽകിയിരുന്നത് ലാപ്ടോപായിരുന്നു. അതുകൊണ്ടുതന്നെ അതു നഷ്ടപ്പെട്ട ഷോക്കും ഇതുവരെ വിട്ടുമാറിയിട്ടില്ല. പരിമിതിക്കിടയിലും ഇവിടെ എത്തിച്ചേരാൻ കാരണമായത് ഇത്തരം ടെക്നോളജിയുടെ സഹായമാണ്. അതു നഷ്ടമാവുമ്പോഴുള്ള അവസ്ഥ പറഞ്ഞറിയിക്കാനാവാത്തതാണ്. പെട്ടെന്ന് കാഴ്ച നഷ്ടപ്പെട്ടയാളെ പോലെയായി. 

കഴിഞ്ഞ ഒരു മാസമായി പേപ്പർ പ്രസന്റേഷനോ റിസർച്ചുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തികൾ ചെയ്യാനോ കഴിയുന്നില്ല. ഒരു മാസം വെറുതെ പോവുന്ന അവസ്ഥയാണ്. ഗവേഷണം നിലച്ചതിന് സമാനമായി. ഒന്നും വായിക്കാനും എഴുതാനും കഴിയാത്തതു കൊണ്ടുള്ള നിരാശ വേറെ. ആരുടെയെങ്കിലും കൈയിൽ അതു കിട്ടിയിട്ടുണ്ടെങ്കിൽ എന്റെ ഭാവിയെ കരുതി ലാപ്ടോപ് തിരികെ നൽകണമെന്നാണ് പറയാനുള്ളത്- സായൂജ്യ കൂട്ടിച്ചേർത്തു.

Content Highlights: blind phd student lost laptop, blind student challenges, laptop missing