ഹൈദരാബാദ്: പെണ്‍കുട്ടികള്‍ ജനിച്ചാല്‍ അതിനെ കൊല്ലാന്‍കൂടി മടിക്കാത്തവര്‍ക്കിതാ ഒരു മാതൃക. ഈ ഗ്രാമത്തില്‍ എവിടെയെങ്കിലും ഒരു പെണ്‍കുട്ടി ജനിച്ചാല്‍ എല്ലാ ഗ്രാമവാസികളും ചേര്‍ന്ന് അത് ആഘോഷമാക്കും.

തെലങ്കാന സംഗാറെഡ്ഡി ജില്ലയിലെ ഹരിദാസ്പുര്‍ ആണ് ഈ സവിശേഷഗ്രാമം. ഒരിക്കല്‍ ഇവിടെ ഒരു വീട്ടില്‍ മൂന്നാമതും പെണ്‍കുഞ്ഞു പിറന്നപ്പോള്‍ കുടുംബത്തില്‍ മ്ലാനതയായി. ഇതറിഞ്ഞ സര്‍പഞ്ചും (ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്) വില്ലേജ് സെക്രട്ടറിയും അവിടെയെത്തി. ഗ്രാമീണപങ്കാളിത്തത്തോടെ ജനനം ആഘോഷമാക്കി. പെണ്‍കുഞ്ഞു ജനിച്ചാല്‍ ഐശ്വര്യമാണെന്നും മറ്റും ഗ്രാമത്തലവന്മാര്‍ ഗ്രാമീണരെ പറഞ്ഞു മനസ്സിലാക്കി. ഇതോടെ ഹരിദാസ്പ്പുരില്‍ എവിടെയെങ്കിലും ഒരു പെണ്‍കുഞ്ഞു പിറന്നാല്‍ അത് 'കന്യാവന്ദനം' എന്ന പേരില്‍ ആഘോഷമാക്കും.

ഈയിടെ ഈ ഗ്രാമത്തില്‍ 'കന്യാവന്ദനം' ആഘോഷത്തില്‍ ചില്‍ക്കുര്‍ ബാലാജി ക്ഷേത്ര മുഖ്യപൂജാരിയും തന്ത്രിമുഖ്യനുമായ സി.എസ്. രംഗരാജനും പങ്കെടുത്തു. അദ്ദേഹം തദവസരത്തില്‍ ഗ്രാമത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും സിന്ദൂരവും പ്രസാദവും സമ്മാനങ്ങളും നല്‍കി. ഈ ആഘോഷത്തില്‍ സര്‍പഞ്ച് ഷാഫിയും വില്ലേജ് സെക്രട്ടറി രോഹിത് കുല്‍ക്കര്‍ണിയും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമീണരും പങ്കെടുത്തു.

Content Highlights: birth of a baby girl is a big celebration in this village