ഓട്ടിസം ബാധിതയായ മകള്‍ എങ്ങും ഇറങ്ങിപ്പോകാതിരിക്കാന്‍ ജനലില്‍ കെട്ടിയിടേണ്ടി വരുന്ന ഒരമ്മ. കൊടുങ്ങല്ലൂര്‍ ശൃംഗപുരം സ്വദേശിനിയും ക്രൈം ഫോട്ടോഗ്രാഫറെന്ന നിലയില്‍ പ്രശസ്തയുമായ ബിന്ദുവിന്റെതാണ് ഈ ദുരവസ്ഥ. പുറത്തിറങ്ങിപ്പോകാതിരിക്കാനും അപകടങ്ങളൊന്നും സംഭവിക്കാതിരിക്കാനുമാണ് മകളെ കെട്ടിയിടേണ്ടി വരുന്നതെന്ന് ഫിറോസ് കുന്നുമ്പറമ്പില്‍ പാലക്കാട് എന്നയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ബിന്ദു പറയുന്നു.
ബിന്ദുവിന് സഹായം അഭ്യര്‍ഥിച്ചു കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. വീടിന്റെ ജനാലയുടെ കമ്പിയില്‍ തുണികൊണ്ടാണ് ബിന്ദു മകളെ അരയില്‍ കെട്ടിയിട്ടിരിക്കുന്നത്. രണ്ടുപെണ്മക്കളാണ് ബിന്ദുവിന്. ഇളയകുട്ടിക്കാണ് ഓട്ടിസം. ദേഷ്യം വരുന്ന സമയത്ത് മകള്‍ മൂത്തകുട്ടിയെയും തന്നെയും അടിക്കാറുണ്ടെന്നും ബിന്ദു വീഡിയോയില്‍ പറഞ്ഞു.
മകളെ കെട്ടിയിടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ബിന്ദുവിന്റെ മറുപടി ഇങ്ങനെ:
കെട്ടിയിട്ടില്ലെങ്കില്‍ ഇറങ്ങിയോടും. ഒരുതവണ ഞാന്‍ തുണിയലക്കിക്കൊണ്ടിരിക്കുമ്പോള്‍ മകള്‍ ഇറങ്ങിയോടി. ഒരു ഡ്രൈവറാണ് തിരികെ കൊണ്ടാക്കിയത്. തീയുടെയും അടുപ്പിനടുത്തുമൊക്കെ പോകും. ജനാലയില്‍ പിടിച്ചു കയറുകയുമൊക്കെ ചെയ്യും. കെട്ടിയിടുന്നതു കൊണ്ട് എനിക്ക് എന്റെ മോളെ കാണാന്‍ കിട്ടുന്നുണ്ട്. അല്ലെങ്കില്‍ എനിക്ക് എന്നേ എന്റെ മകളെ നഷ്ടപ്പെട്ടേനെ...
Video courtesy: Facebook/Firos Kunnamparambil Palakkad
ഭര്‍ത്താവ് ബിന്ദുവിനെയും മക്കളെയും ഉപേക്ഷിച്ചു പോയി. നാട്ടുകാരുടെ സഹായത്തോടെയാണ് വീട് നിര്‍മാണം നടത്തിയിരുന്നത്. അത് ഇപ്പോള്‍ പാതിവഴിയില്‍ നിലച്ചു. ജോലിയില്‍നിന്ന് കാര്യമായ വരുമാനമില്ല. നിലവില്‍ താമസിക്കുന്ന വീടിന്റെ വാടക രണ്ടുമൂന്നുമാസമായി കൊടുത്തിട്ടില്ലെന്നും ബിന്ദു പറഞ്ഞു. മകള്‍ക്ക് ആവശ്യമായ മരുന്നും മറ്റുചിലവുകളും നിവര്‍ത്തിക്കാന്‍ ആവശ്യമായ പണം ജോലിയില്‍നിന്നു ലഭിക്കുന്നില്ല. ക്യാമറ പോലും വായ്പയെടുത്താണ് വാങ്ങിയതെന്നും ബിന്ദു വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
ബിന്ദുവിന്റെ ജീവിതത്തെ കുറിച്ച് മാതൃഭൂമി 2016ല്‍ വാരാന്തപ്പതിപ്പില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
content highlights: Bindu mother of autistic child tied her daughter to ensure saftey