മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തിലെ കോടീശ്വന്മാരില്‍ ഒരാളുമായ ബില്‍ഗേറ്റ്‌സിന്റെ പിറന്നാളിന് അദ്ദേഹത്തിന്റെ മകള്‍ ജെന്നിഫര്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുകയാണ്. ബില്‍ഗേറ്റ്‌സിന്റെ 66-ാം ജന്മദിനമായിരുന്നു വ്യാഴാഴ്ച. 

'മറ്റുള്ളവരെ സഹായിക്കാന്‍ അങ്ങ് കാണിക്കുന്ന അവസാനമില്ലാത്ത ആകാംക്ഷയും സൂക്ഷ്മമായ അന്വേഷണവും ആഗ്രഹവും പഠിക്കാന്‍ കഴിയുന്നതില്‍ നന്ദിയുണ്ട്. സൂര്യനുകീഴില്‍ അങ്ങ് പഠിക്കാന്‍ ശ്രമിക്കുന്ന അടുത്തകാര്യം എന്താണെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അടുത്തിടെ നടന്ന ഞങ്ങളുടെ കൂടിച്ചേരലിനും സ്വപ്‌നദിവസത്തിനും നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. ഈ ഓര്‍മകള്‍ ജീവിതാവസാനം വരെയുണ്ടാകും'-ജെന്നിഫര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

അടുത്തിടെ നടന്ന തന്റെ വിവാഹദിനത്തില്‍ എടുത്ത ഫോട്ടോയാണ് ജെന്നിഫര്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. ക്യാമറയ്ക്ക് പുറം തിരഞ്ഞ് വിവാഹവേഷത്തിലാണ് ചിത്രത്തില്‍ ജെന്നിഫര്‍ നില്‍ക്കുന്നത്. പടികള്‍ക്കുസമീപം കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞ് കൈയില്‍ ഒരു കുഞ്ഞുപെട്ടിയും പിടിച്ച് ജെന്നിഫറിനെ നോക്കി നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന ബില്‍ഗേറ്റ്‌സിനെയാണ് ചിത്രത്തില്‍ കാണാനാകുക.

മകളുടെ പിറന്നാള്‍ ആശംസയ്ക്ക് നന്ദി അറിയിച്ച് ബില്‍ഗേറ്റ്‌സും കമന്റ് സെക്ഷനിലെത്തി. പിറന്നാള്‍ ആശംസയ്ക്ക് നന്ദിയെന്നും ജെന്നിഫറിന്റെ അച്ഛനായതില്‍ താന്‍ ഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. ജെന്നിഫറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഇതുവരെ 72,000-ല്‍ പരം ലൈക്കുകളാണ് കിട്ടിയത്. ഒപ്പം നൂറുകണക്കിന് ആളുകള്‍ ബില്‍ഗേറ്റ്‌സിന് പിറന്നാളാശംസകള്‍ നേരുകയും ചെയ്തു.

ബില്‍ഗേറ്റ്‌സിന്റെയും മുന്‍ഭാര്യ മെലിന്‍ഡ ഫ്രഞ്ചിന്റെയും മൂത്ത പുത്രിയാണ് ജെന്നിഫര്‍. 27 വര്‍ഷത്തെ തങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഓഗസ്റ്റില്‍ ബില്‍ഗേറ്റ്‌സും മെലിന്‍ഡയും അറിയിച്ചത് ലോകം ഞെട്ടലോടെയാണ് കേട്ടത്.

ഒക്ടോബര്‍ 16-ന് ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററില്‍ നടന്ന ജെന്നിഫറിന്റെ വിവാഹച്ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നു.

Content highlights: bill gates daughter jennifer marked his 66th birthday with a sweet message