റോഡിലെ കുണ്ടും കുഴിക്കും പരിഹാരമാകാതിരിക്കുമ്പോൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക സ്വാഭാവികമാണ്. എന്നാൽ അധികൃതരുടെ അവ​ഗണനയ്ക്കെതിരെ വ്യത്യസ്തമായൊരു പ്രതിഷേധമാണ് വാർത്തയിൽ നിറയുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പുറംലോകത്തെ അറിയിക്കാൻ‌ ക്യാറ്റ് വാക് ചെയ്യുന്ന യുവതിയുടെ വീഡിയോ ആണത്. 

ഭോപ്പാലിലെ ദാനിഷ് ന​ഗറിലുള്ള യുവതികളും കുട്ടികളുമടങ്ങുന്ന സംഘമാണ് പ്രതിഷേധത്തിനു പിന്നിൽ. പ്രദേശത്തെ റോഡിന്റെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. എന്നാൽ അധികൃതർ വകവെക്കാതെ വന്നതോടെയാണ് യുവതികളും കുട്ടികളുമടങ്ങുന്ന സംഘം ചെളിയിൽ ക്യാറ്റ് വാക്ക് ചെയ്യാൻ തീരുമാനിച്ചത്. 

കൃത്യമായി നികുതി അടയ്ക്കുന്നതല്ലാതെ റോഡ് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. സാരി ധരിച്ച യുവതി ചെളി നിറഞ്ഞ കുഴികൾക്ക് മുകളിലൂടെ ക്യാറ്റ് വാക് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.