ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ വന്നേക്കാം അതിനെ കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കാതെ മുന്നോട്ടുപോവുകയാണ് ജീവിതവിജയത്തിന് വേണ്ടതെന്ന് ബീന കണ്ണന്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

'നമ്മള്‍ വിചാരിക്കുന്നത് പോലെ വിജയം ഒരു വാചകം കൊണ്ടോ ഒരു പാരഗ്രാഫുകൊണ്ടോ നമുക്ക് കിട്ടില്ല. നമുക്ക് പെട്ടെന്ന് കിട്ടില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും ജോലി അന്വേഷിച്ചു ഉടനെ കിട്ടണം, കമ്പനിയുടെ സിഇഒ ആകണം ആ സ്പീഡിലൊന്നും കാര്യങ്ങള്‍ നടക്കില്ല. ഒരുപാട് ക്ഷമ ജീവിതത്തിലെ ഓരോ ഘട്ടത്തിലും നമ്മൾ കാണിക്കേണ്ടി വരും. 

പണ്ടു ചിലപ്പോള്‍ പത്തുകൊല്ലം പതിമൂന്ന് കൊല്ലം എടുത്തിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ചിലപ്പോള്‍ മൂന്ന് കൊല്ലം എങ്കിലും വേണ്ടി വരും. ലക്ഷ്യം ക്ലിയറായിട്ട് ഇരിക്കട്ടെ. അതിലേക്ക് നിങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ട് പോകട്ടെ. നിങ്ങള്‍ക്ക് തന്നിരിക്കുന്ന ജോലി വളരെ പ്രാപ്തിയോടുകൂടി വളരെ പെട്ടന്ന് ചെയ്തുതീര്‍ക്കുക. അതുകണ്ടിട്ട് അടുത്ത പടിയിലേക്ക് അവര്‍ ഉയര്‍ത്തും അങ്ങനെ ഉയര്‍ത്തിയില്ലെങ്കിലും വിഷമിക്കാതെ ജോലിയുമായി മുന്നോട്ട് പോകുക. എപ്പോഴെങ്കിലും പ്രപഞ്ചം നിങ്ങള്‍ക്ക് ഒരു വഴി തുറന്നു തരും അക്കാര്യത്തില്‍ സംശയമേ വേണ്ട.'  ബീന പറയുന്നു.

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകുകയുള്ളൂ. ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ വന്നേക്കാം. ഒരു രാത്രി കരയുക പിറ്റേന്ന് കണ്ണുതുടച്ച് ജോലിക്ക് പോവുക. ജീവിതവിജയം നിങ്ങളെ തേടിവരും അവര്‍ കൂട്ടിച്ചേര്‍ത്തു

Content Highlights : Beena Kannan, Success Story, Achievement