കൊച്ചി: രണ്ടു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, എം.എഡ്., കൂടെ സെറ്റും. ഹയര്‍സെക്കന്‍ഡറി അധ്യാപികയാകാനുള്ള എല്ലാ യോഗ്യതയുമുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം സംസ്ഥാനത്തെ വിവിധയിടങ്ങളിലെ 14 സ്‌കൂളുകളിലാണ് താത്കാലിക അധ്യാപകനിയമനത്തിന്റെ പരസ്യംകണ്ട് അനീറ കബീര്‍ ചെന്നത്. എന്നാല്‍, ട്രാന്‍സ്ജെന്‍ഡറാണ് എന്ന് തിരിച്ചറിയുന്നതോടെ എല്ലാ യോഗ്യതകളും അയോഗ്യതകളായി.

ഈ നാട്ടില്‍ ട്രാന്‍സ് വനിത എന്നനിലയില്‍ ജോലിചെയ്ത് ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായെന്നു പറഞ്ഞുകൊണ്ട് ഹൈക്കോടതിയില്‍ ദയാവധത്തിനായി അപേക്ഷനല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കിത്തരണമെന്നാവശ്യപ്പെട്ട് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് അപേക്ഷനല്‍കിയിരിക്കുകയാണ് അനീറ.

സര്‍ക്കാര്‍ സ്‌കൂളിലെ അഭിമുഖത്തില്‍പ്പോലും കേള്‍ക്കേണ്ടിവരുന്നത് ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ പരിഹസിക്കുന്ന ചോദ്യങ്ങളാണെന്ന് അനീറ പറയുന്നു. സ്ത്രീയായി ജീവിക്കുന്ന അനീറ അപമാനഭയംകൊണ്ട് പുരുഷവേഷം ധരിച്ച് പാലക്കാട്ടെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ അഭിമുഖത്തിനെത്തി. ജോലിയും ലഭിച്ചു. എന്നാല്‍, ട്രാന്‍സ് വനിതയാണെന്ന് തിരിച്ചറിഞ്ഞതോടെ അനീറയ്‌ക്കെതിരേ പ്രധാനാധ്യാപികയടക്കം തിരിഞ്ഞു. ട്രാന്‍സ്ജെന്‍ഡറായതിനാല്‍ വിദ്യാര്‍ഥികളെ ലൈംഗികതാത്പര്യത്തോടെ നോക്കും എന്ന് ഭയമുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഇത്തരം അപമാനത്തിനുമുന്നില്‍ അവള്‍ക്ക് പിടിച്ചുനില്‍ക്കാനായത് വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ച പിന്തുണക്കൊണ്ടാണ്. പിന്നീടും പലരൂപത്തില്‍ എതിര്‍പ്പുകള്‍ തുടര്‍ന്നു. നവംബര്‍ പകുതിയോടെ ലഭിച്ച ജോലി ജനുവരി ആറിന് അവസാനിപ്പിക്കേണ്ടിവന്നു.

സോഷ്യോളജി ജൂനിയര്‍, സീനിയര്‍ അധ്യാപക ഒഴിവുകളിലേക്കാണ് നിയമനം നടന്നത്. ജൂനിയര്‍ തസ്തികയില്‍ താത്കാലികമായായിരുന്നു അനീറയ്ക്ക് നിയമനം. എന്നാല്‍, സീനിയര്‍ തസ്തികയിലേക്ക് സ്ഥിരം ആളെത്തിയപ്പോള്‍ താത്കാലികമായി ഇവിടെയുണ്ടായിരുന്നയാളെ ജൂനിയറാക്കി അനീറയെ പറഞ്ഞുവിട്ടു. സംവരണമില്ലാത്തിടത്തോളംകാലം തന്നെപ്പോലെ വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് ജോലിലഭിക്കില്ലെന്നാണ് അനീറ പറയുന്നത്.ട്രാന്‍സ് വനിതയായി എന്നതുകൊണ്ട് ഒറ്റപ്പാലത്തെ വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ടു. ജോലിചെയ്ത് ജീവിക്കാനാകുന്നുമില്ല. വാടകയ്ക്ക് വീട് ലഭിക്കുന്നതുതന്നെ ഏറെ ബുദ്ധിമുട്ടിയാണെന്നും അനീറ പറയുന്നു.

Content highlights: because of  identity as transwoman, aneera kabeer did not get a job, euthanasia should be allowed